തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നാളെ; പൊലീസ് സുരക്ഷ ശക്തമാക്കി

തൃശൂർ: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പൂരം പൊടിപൊടിക്കാൻ നാളെ ആകാശ വിസ്മയക്കാഴ്ച. പൂരത്തിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. കർശന നിയന്ത്രണങ്ങളോടെയാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്. 200 മീറ്റർ ദൂരം മാറി നിന്ന് വേണം വെടിക്കെട്ട് കാണാൻ. ജനത്തിരക്ക് മുന്നിൽ കണ്ട് പൊലീസ് സുരക്ഷ ശക്തമാക്കി. ഇക്കുറി സ്ത്രീകൾക്ക് പൂരം കാണാൻ പ്രത്യേകം സംവിധാനമൊരുക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി.

നാളെ നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഒരുങ്ങി കഴിഞ്ഞു. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. പാറമേക്കാവിനു വേണ്ടി പി സി വർഗീസും തിരുവമ്പാടിക്ക് വേണ്ടി ഷീന സുരേഷുമാണ് ലൈസെൻസ് എടുത്തിരിക്കുന്നത്. സ്വരാജ് റൗണ്ടിന് പുറത്ത് നിന്ന് വേണം വെടിക്കെട്ട് കാണാൻ. നിരവധി ആളുകൾ എത്തുമെന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കി.

തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു.

Related Posts