മേരി കോമിൻ്റെ വേഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരെങ്കിലും ചെയ്യണമായിരുന്നെന്ന് പ്രിയങ്ക ചോപ്ര
ബോക്സിങ്ങ് താരം മേരി കോമിൻ്റെ വേഷം താനല്ല ചെയ്യേണ്ടിയിരുന്നതെന്ന് പ്രശസ്ത ബോളിവുഡ് അഭിനേത്രി പ്രിയങ്ക ചോപ്ര. മേരി കോമുമായി തനിക്ക് യാതൊരു രൂപസാദൃശ്യവുമില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരെങ്കിലുമായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നതെന്നും അഭിനേത്രി അഭിപ്രായപ്പെട്ടു.
ആദ്യമൊന്ന് മടിച്ചതാണ്. പിന്നീട് വേഷം താൻ ഏറ്റെടുക്കുകയായിരുന്നു. ഒരു അഭിനേത്രിയുടെ അത്യാഗ്രഹമാണ് തന്നെ അതിന് പ്രേരിപ്പിച്ചത്. ഒരു സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക തൻ്റെ മനസ്സ് വെളിപ്പെടുത്തിയത്.
മേരി കോമിനെ അവതരിപ്പിക്കുന്നതിൽ തുടക്കം മുതൽ തനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു. കാരണം അവർ ജീവിച്ചിരിക്കുന്ന ഒരു ഐക്കൺ ആണ്. നിരവധി വനിതാ അത്‌ലറ്റുകൾക്ക് പ്രചോദനം നൽകിയ ആദരണീയ വ്യക്തിത്വം. കൂടാതെ, താൻ അവരെപ്പോലെയേ അല്ല. അവർ ഇന്ത്യയുടെ വടക്കുകിഴക്ക് നിന്ന് വരുന്നു. താൻ വടക്കേ ഇന്ത്യയിൽ നിന്നാണ്. ശാരീരികമായി ഒരു സാദൃശ്യവുമില്ല.
ആ വേഷം ഒരുപക്ഷേ, വടക്കുകിഴക്ക് നിന്നുള്ള ആരെങ്കിലും അവതരിപ്പിക്കണമായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയിൽ താൻ അത്യാഗ്രഹിയായിരുന്നു. കാരണം ഒരു സ്ത്രീയെന്ന നിലയിൽ, ഒരു ഇന്ത്യൻ വനിതയെന്ന നിലയിൽ, ഒരു കായികതാരമെന്ന നിലയിൽ അവർ തന്നെ വളരെയധികം പ്രചോദിപ്പിച്ചു. സിനിമയുടെ നിർമാതാവും സംവിധായകനും നിർബന്ധിച്ചപ്പോൾ, ഒരു വെല്ലുവിളിപോലെ താനത് ഏറ്റെടുക്കുകയായിരുന്നു.
ഒളിമ്പിക് മെഡലും ഒന്നിലധികം ലോക ചാമ്പ്യൻഷിപ്പ് ട്രോഫികളും ഉൾപ്പെടെ രാജ്യത്തിനായി നിരവധി ബഹുമതികൾ നേടിയ മണിപ്പൂരിൽ നിന്നുള്ള ബോക്‌സറുടെ ജീവിതത്തെ ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് മേരി കോം. 2014 ലാണ് ചിത്രം പുറത്തിറങ്ങിയത്.