"ഒന്നുകൂടെ ഒന്ന് ഇരുത്തി വലിച്ചുനോക്കി," ജിമ്മിലെ ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി
ജിമ്മിൽ ഉപകരണങ്ങളുമായി മല്ലിടുന്ന തൻ്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് അവതാരകനും അഭിനേതാവും സംവിധായകനുമായ രമേഷ് പിഷാരടി. ഒന്നിനു പിറകേ മറ്റൊന്നായി രസികൻ കമൻ്റുകളുടെ കൂട്ടപ്പൊരിച്ചിലാണ് പോസ്റ്റിന് താഴെ നടക്കുന്നത്. "ബൈക്കിൽ എങ്ങോട്ടാണ് പോകുന്നത് " എന്ന കുസൃതി കലർന്ന കമൻ്റാണ് കുഞ്ചാക്കോ ബോബൻ ഇട്ടിരിക്കുന്നത്. "ഇപ്പോ വെൻ്റിലേറ്ററിൽ കിടന്ന് വലിക്കുന്നു എന്നാണ് കേട്ടത് " തുടങ്ങിയ തമാശകളും ആരാധകർ പൊട്ടിക്കുന്നുണ്ട്.
വലിച്ചിട്ട് കിട്ടുന്നില്ലല്ലോ, ആഞ്ഞുവലിക്ക് ചറപറാ മസിൽ വരും, വലിക്കണ്ട തള്ളിയാൽ മതി എന്നിങ്ങനെ ഇൻസ്റ്റഗ്രാമിൽ പിഷാരടിയിട്ട പോസ്റ്റിന് താഴെവരുന്ന മുഴുവൻ പ്രതികരണങ്ങളും രസകരമാണ്. സ്റ്റേജിലും സ്ക്രീനിലും മാത്രമല്ല സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകളിലൂടെയും ചിരി പടർത്താനാണ് നടൻ്റെ ശ്രമം. സ്റ്റാൻഡപ്പ് കോമഡി രംഗത്ത് മലയാളത്തിൽ രമേഷ് പിഷാരടിയോളം ശ്രദ്ധിക്കപ്പെട്ട മറ്റൊരാളില്ല എന്നു പറയാം. അവതാരകൻ എന്ന നിലയിലും പ്രേക്ഷകർക്ക് പ്രിയങ്കരനാണ് പിഷാരടി.