കരുതൽ ഡോസ് ഇന്നു മുതൽ; നേരിട്ടും ഓണ്‍ലൈനായും ബുക്കിങ്
ന്യൂഡൽഹി: രാജ്യത്ത് മൂന്നാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും. രണ്ടു ഡോസ് വാക്സിനെടുത്ത് 39 ആഴ്ച പിന്നിട്ട ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, മറ്റു രോഗങ്ങളുള്ള 60 വയസ്സ് കഴിഞ്ഞവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസ് നൽകുക. രണ്ട് ഡോസ് എടുത്ത അതേ വാക്‌സിന്‍ തന്നെ സ്വീകരിക്കാന്‍ ശ്രദ്ധിക്കുക. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിൻ എടുക്കാം.
60 കഴിഞ്ഞവർക്ക് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷനും ഇന്നുമുതല്‍ (ജനുവരി 10) ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞവർ തുടങ്ങിയവർക്കാണ് കരുതല്‍ ഡോസ്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്.
18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്സിനെടുക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന്‍ സ്ഥലം, വാക്സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.