യു എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു
ഉക്രയ്നിലെ ബുച്ചയിൽ നടന്ന അതിക്രൂരമായ സിവിലിയൻ കൊലപാതകങ്ങളുടെ തെളിവുകൾ പുറത്തുവന്നതിനെ തുടർന്ന് യു എൻ ജനറൽ അസംബ്ലി അതിൻ്റെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു. ബുച്ചയിലും കീവിന് ചുറ്റുമുള്ള മറ്റ് പട്ടണങ്ങളിലും നടന്ന സിവിലിയൻ കൊലപാതകങ്ങളുടെ നിരവധി തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. റഷ്യൻ സൈനികരാണ് ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഉക്രയ്ൻ കുറ്റപ്പെടുത്തി. ആരോപണങ്ങൾ മോസ്കോ നിഷേധിച്ചു.
193 അംഗ പൊതുസഭയിൽ 93 പേരാണ് സസ്പെൻഷനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 24 പേർ എതിർത്ത് വോട്ടു ചെയ്തു. ഇന്ത്യയടക്കം 58 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ തീരുമാനത്തെ ഉക്രയ്ൻ സ്വാഗതം ചെയ്തു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യു എൻ വേദികളിൽ യുദ്ധക്കുറ്റവാളികൾക്ക് സ്ഥാനമില്ലെന്ന് ഉക്രയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. പ്രമേയത്തെ പിന്തുണച്ച് ചരിത്രത്തിലെ ശരിയായ നിലപാട് സ്വീകരിച്ച എല്ലാ അംഗരാജ്യങ്ങളോടും നന്ദിയുണ്ടെന്ന് ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.