ആദരവുകൊണ്ടല്ല സല്യൂട്ട് ചെയ്യുന്നത്; നിർബന്ധത്താലാണ് ! ഗതാഗത മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ മോശം അനുഭവത്തെപ്പറ്റി മാത്യു ടി തോമസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
ആദരവുകൊണ്ടല്ല ആരും സല്യൂട്ട് ചെയ്യുന്നതെന്നും നിർബന്ധം കൊണ്ടാണെന്നും അതിനാൽ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനായി ഒന്നുമില്ലെന്നും ജനതാദൾ എസ് നേതാവും നിയമസഭാംഗവുമായ മാത്യു ടി തോമസ്.
ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് 2006 ൽ താൻ മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ മോശം അനുഭവത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നത്. 2006 ൽ
വി എസ് മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു മാത്യു ടി തോമസ്. മന്ത്രിസഭ ചേരാനായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ എത്തിയത് മറ്റു മൂന്ന് മന്ത്രിമാർക്ക് ഒപ്പമാണ്. ഓരോരുത്തരായി അകത്തേക്ക് കയറി. വാതിൽക്കൽ നിൽക്കുന്ന കാക്കിധാരികൾ ഓരോ മന്ത്രിയെയും സല്യൂട്ട് ചെയ്ത് വണങ്ങി. പിന്നീട് അവർ പറഞ്ഞ ആ വാക്കുകൾ...!!
മാത്യു ടി തോമസിൻ്റെ ഫേസ്ബുക്ക് കുറിപ്പ് അതേ രൂപത്തിൽ വായിക്കാം:
സല്യൂട്ട്: ആ ദിവസത്തിനു ശേഷം
-----------------------
2006 ലെ ഒരു മന്ത്രിസഭായോഗദിനം ഇന്നും ഓർമയിൽ.
വി എസ്സ് മുഖ്യമന്ത്രി; എന്റെ വകുപ്പ് 'ഗതാഗതം, അച്ചടി, സ്റ്റേഷനറി'.
മന്ത്രിസഭായോഗത്തിനായി സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കാറിൽ വന്നിറങ്ങി.
മുന്നിൽ 3 മന്ത്രിമാർ കയറിപോവുന്നത് കാണാം. (പേരുകൾ പറയുന്നില്ല)
ഓരോരുത്തരെയും വാതിൽക്കൽ നിൽക്കുന്ന കാക്കിധാരികൾ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്!
ഒരാൾ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതിൽ ഒറ്റയടി! മറ്റെയാൾ നിവർന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും...
ആസ്വദിച്ചു പോയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല.
മുന്നിൽ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയർ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി.
ഒരു മിനിറ്റിനുള്ളിൽ 4 തവണ.. ഹോ!
വാതിൽ കടന്നു അകത്തേക്ക് കാൽ വച്ചപ്പോഴാണ് ഞാൻ കേട്ടത്.... ആ പാവങ്ങൾ തമ്മിൽ പറയുന്നു.
"ഈ __മാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു"
കറക്ട്...!
ഞാൻ 2 ചുവടു പിന്നിലേക്ക് നടന്നു.
സൗമ്യമായി പറഞ്ഞു- "അടുത്ത തവണ മുതൽ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊളളാം"
ആ വാക്ക് ഞാൻ പാലിച്ചു- പിന്നീട് മന്ത്രിയായപ്പോഴും.
(മന്ത്രിസഭായോഗങ്ങൾക്കു പോവുമ്പോൾ)
അവർ എന്നെ ഒരു സത്യം പഠിപ്പിച്ചു..
ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്!
അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനൊന്നുമില്ലെന്നും...