സാറ്റലൈറ്റ് ഇൻ്റർനെറ്റ്; മുൻകൂർ ബുക്കിങ്ങ് റദ്ദാക്കി പണം തിരികെ നൽകാൻ സ്റ്റാർ ലിങ്കിനോട് കേന്ദ്ര സർക്കാർ

സാറ്റലൈറ്റ് അധിഷ്ഠിത ഇൻ്റർനെറ്റ് സേവനത്തിനായി മുൻകൂട്ടി ബുക്ക് ചെയ്ത ഉപയോക്താക്കളുടെ പ്രീ ബുക്കിങ്ങ് കരാർ റദ്ദാക്കി മുഴുവൻ പേർക്കും പണം മടക്കി നൽകാൻ സ്റ്റാർലിങ്കിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ലൈസൻസിങ്ങ് നടപടി ക്രമങ്ങൾ സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വമാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്നനായ എലോൺ മസ്കിൻ്റെ കമ്പനിയാണ് സ്റ്റാർലിങ്ക്. 2022 മാർച്ചോടെ ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇൻ്റർനെറ്റ് സേവനം നൽകിത്തുടങ്ങുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആകർഷകവുമായ വിപണികളിൽ ഒന്നായാണ് കമ്പനി ഇന്ത്യയെ കാണുന്നത്. എന്നാൽ ലൈസൻസിങ്ങ് നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനിടെ ഉപയോക്താക്കളിൽ നിന്നുള്ള പ്രീ ബുക്കിങ്ങിന് കമ്പനി തുടക്കമിട്ടിരുന്നു. അയ്യായിരത്തോളം പേർ പണമടച്ച് മുൻകൂർ ബുക്കിങ്ങ് നടത്തിയതായാണ് വിവരം.

എന്തായാലും കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പ്രീ ബുക്കിങ്ങ് റദ്ദാക്കി പണം തിരികെ നൽകാനുള്ള നടപടി ക്രമങ്ങളിലേക്ക് കമ്പനി കടന്നതായി ഉപയോക്താക്കൾക്ക് ഇ മെയിൽ സന്ദേശം നൽകിക്കഴിഞ്ഞു.

Related Posts