ഓർമകളിലെ സിൽക്ക് സ്മിത, കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും മായാത്ത മന്ദസ്മിതം

വശ്യമായ മിഴികളും ആകർഷകമായ ശരീര ചലനങ്ങളും കൊണ്ട് എൺപതുകളിലെ യുവത്വത്തിൻ്റെ നെഞ്ചിൽ തീ കോരിയിട്ട സിൽക്ക് സ്മിത എന്ന തെന്നിന്ത്യൻ അഭിനേത്രി ഓർമയായിട്ട് ഇന്നേക്ക് 25 വർഷം തികയുന്നു. തെലുഗ്, തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി 450 ലേറെ സിനിമകളിലാണ് സിൽക്ക് സ്മിത അഭിനയിച്ചത്. 17 വർഷം നീണ്ട അഭിനയ ജീവിതത്തിന് വിരാമമിട്ട് 1996 സെപ്റ്റംബർ 23 നാണ് സ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അമിതമായ അളവിൽ ആൽക്കഹോൾ കഴിച്ചിരുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സ്മിതയുടെ മരണത്തെച്ചൊല്ലി ഒട്ടേറെ ദുരൂഹതകൾ നിലനിന്നിരുന്നു.

1960 ഡിസംബർ 2 ന് ആന്ധ്രാപ്രദേശിലെ കൊവ്വാലിയിൽ ആണ് വിജയലക്ഷ്മി വഡ്ലപാട്ല എന്ന സിൽക്ക് സ്മിതയുടെ ജനനം. മരിക്കുമ്പോൾ 35 വയസ്സുണ്ടായിരുന്നു. തെലുഗ് കുടുംബത്തിൽ ജനിച്ച സ്മിതയ്ക്ക് കാര്യമായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. നാലാം ക്ലാസ്സോടെ പഠനം നിർത്തി. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം ചെയ്തയച്ചു. എന്നാൽ ഭർതൃവീട്ടിലെ പീഡനങ്ങളെ തുടർന്ന് സ്മിത അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നു.

നടിമാരുടെ ടച്ച് അപ്പ് ആർടിസ്റ്റായാണ് സിനിമയിലെ തുടക്കം. ഇടയ്ക്കിടെ ചെറിയ ചെറിയ വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. അതോടെ സിനിമയിൽ സജീവമായി. ആൻ്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെയാണ് സ്മിത ആദ്യമായി നായികയാവുന്നത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേരു നൽകുന്നതും ആൻ്റണി ഈസ്റ്റ്മാനാണ്. 1979 ൽ പുറത്തിറങ്ങിയ 'വണ്ടിച്ചക്രം' എന്ന തമിഴ് ചിത്രത്തിലെ 'സിൽക്ക് ' എന്ന കഥാപാത്രത്തിലൂടെയാണ് സ്മിത എന്ന പുതിയ പേരിനൊപ്പം സിൽക്കും കയറിക്കൂടിയത്. ഗ്ലാമർ വേഷങ്ങളിലൂടെയും എൺപതുകളിലെ വാണിജ്യ സിനിമയിലെ ഒഴിവാക്കാനാവാത്ത കാബറാ നൃത്തങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമയിലെ സെക്സ് സിംബലായി സിൽക്ക് സ്മിത മാറി. നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ 'മൂൻട്രാം പിറൈ', 'അലൈകൾ ഒയ് വതില്ലൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ തൻ്റെ അഭിനയ മികവും പുറത്തെടുത്തെങ്കിലും സ്റ്റീരിയോ ടൈപ്പ് വേഷങ്ങളിൽ ഒതുങ്ങിക്കൂടാനായിരുന്നു സ്മിതയുടെ വിധി.

അധികം സൗഹൃദങ്ങളില്ലാത്ത, അന്തർമുഖയായ അഭിനേത്രിയുടെ വ്യക്തി ജീവിതം താളപ്പിഴകൾ നിറഞ്ഞതായിരുന്നു. തുറന്നടിച്ച പെരുമാറ്റവും പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതവും സിനിമാ രംഗത്തെ ഒത്തുചേരലുകളിൽ നിന്ന് അവരെ എപ്പോഴും അകറ്റി നിർത്തി. സെറ്റുകളിൽ സമയനിഷ്ഠ പാലിക്കുന്നതിൽ സ്മിത വളരെയേറെ ശ്രദ്ധിച്ചിരുന്നതായി സംവിധായകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്നിട്ടും ഇംഗ്ലീഷിൽ അനായാസം സംസാരിച്ചിരുന്നു. തന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി സംസാരിക്കാൻ നർത്തകിയായ സുഹൃത്ത് അനുരാധയെ വിളിച്ച സ്മിത അവരെത്തുമ്പോഴേക്കും തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സിനിമാലോകത്ത് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു സിൽക്ക് സ്മിതയുടെ ആകസ്മിക മരണം.

സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഹിന്ദിയിലെ ഹിറ്റ് സിനിമ 'ദി ഡെർട്ടി പിക്ചർ' ഇറങ്ങിയത്. എന്നാൽ സത്യസന്ധമായ ജീവിത ചിത്രീകരണമല്ല സിനിമയിൽ ഉള്ളതെന്ന് സ്മിതയുടെ സഹോദരൻ വി നാഗവര പ്രസാദ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആരോപിച്ചതിനെ തുടർന്ന് സിൽക്ക് സ്മിതയുടെ ജീവിതമല്ല തങ്ങൾ സിനിമയാക്കിയത് എന്ന് നിർമാതാക്കൾ ചുവടുമാറ്റുകയുണ്ടായി. എന്തായാലും സ്മിതയായി വേഷമിട്ട വിദ്യാ ബാലന് ആ വർഷത്തെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

മലയാളികളുടെ മനസ്സിൽ മായാത്ത ഒട്ടേറെ സ്മരണകളാണ് സിൽക്ക് സ്മിത എന്ന അഭിനേത്രി അവശേഷിപ്പിച്ചത്. കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അതിന് മങ്ങലേറ്റിട്ടില്ല.

Related Posts