കൊവിഡ് വൈറസിൻ്റെ ഉറവിടം: അന്വേഷണം പുനരുജ്ജീവിപ്പിക്കാൻ ലോകാരോഗ്യ സംഘടന
കൊവിഡ് വൈറസിൻ്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം പുനരുജ്ജീവിപ്പിക്കാൻ ലോകാരോഗ്യ സംഘടന ഒരുങ്ങുന്നതായി ന്യൂയോർക്ക് ആസ്ഥാനമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ വുഹാൻ ലബോറട്ടറിയിൽനിന്ന് ഉത്ഭവിച്ചതാണെന്ന് അമേരിക്ക അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ ഉറച്ചു വിശ്വസിക്കുന്ന വൈറസിൻ്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഡബ്ല്യു എച്ച് ഒ വീണ്ടും ഒരുങ്ങുന്നതായി ആഗസ്റ്റിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനെ സ്ഥിരീകരിക്കുന്നതാണ് പുതിയ റിപ്പോർട്ട്.
പുതിയ തെളിവുകൾ കണ്ടെത്താനായി ലോകാരോഗ്യ സംഘടന വിദഗ്ധരായ 20 ശാസ്ത്രജ്ഞരുടെ സംഘത്തെ നിയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ലബോറട്ടറി സുരക്ഷയിലും ബയോസെക്യൂരിറ്റിയിലും സ്പെഷ്യലിസ്റ്റുകളായ ശാസ്ത്രജ്ഞർക്കൊപ്പം ജനിതകശാസ്ത്രജ്ഞരും ഉൾപ്പെടുന്നതാണ് പുതിയ സംഘം. കൊവിഡിന് കാരണമായ സാർസ്-കൊവ്-2 ലബോറട്ടറിയിൽ നിന്ന് ഉത്ഭവിച്ചതാണോ എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്തമാണ് അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ളത്.
ഭാവിയിൽ ഇത്തരം വൈറസുകൾ മനുഷ്യരാശിക്ക് വരുത്തിവെയ്ക്കാൻ ഇടയുള്ള അപകട സാധ്യതകളെക്കുറിച്ചും മനുഷ്യരുടെ പെരുമാറ്റവുമായുള്ള അവയുടെ ബന്ധത്തെ കുറിച്ചും വിശദമായ അന്വേഷണം നടത്താനും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.