ചിങ്ങം ഒന്ന് മുതല്‍ 'കേരള സവാരി'; ഓലെയ്ക്കും ഊബറിനും ബദലുമായി സംസ്ഥാന സര്‍ക്കാര്‍

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് സംവിധാനങ്ങളായ ഓലെയ്ക്കും ഊബറിനും ബദലുമായി സംസ്ഥാന സര്‍ക്കാര്‍. കേരള സവാരി എന്ന പേരിലാണ് പുതിയ സംരംഭം. കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വീസായ കേരള സവാരി ചിങ്ങം ഒന്നു മുതല്‍ ഓട്ടം ആരംഭിക്കും.

ഇതിനായി 500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. തര്‍ക്കങ്ങളില്ലാത്ത സുരക്ഷിത യാത്ര ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഐ ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരത്താണ് ആദ്യഘട്ടംനടപ്പാക്കുന്നത്. ഊബര്‍, ഓല മാതൃകയില്‍ കേരള സവാരി എന്ന പേരില്‍ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സേവനം ആരംഭിക്കുന്നതിനായി കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് കേരള സവാരിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‌വെയർ ജിപിഎസ് ഏകോപനം, കാള്‍ സെന്റര്‍ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ ആപ്പും ലഭ്യമാക്കും.

Related Posts