സൗദിയിൽ പറക്കും ടാക്സികൾ വരുന്നു
റിയാദ്: സൗദിയില്‍ പറക്കും ടാക്‌സികള്‍ വരുന്നു. സാധാരണക്കാര്‍, ബിസിനസുകാര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് നഗരത്തിന് പുറത്തും അകത്തും യാത്ര ചെയ്യാന്‍ പാകത്തിനാണ് പറക്കും ടാക്‌സികള്‍ ഒരുക്കുന്നത്. വെര്‍ട്ടിക്കല്‍, ജോബി തുടങ്ങിയ കമ്പനികള്‍ സൗദി അറേബ്യയില്‍ സ്ഥലങ്ങളും മേല്‍ക്കൂരകളും പറക്കും ടാക്‌സിയുടെ പാര്‍ക്കിംഗ് ഏരിയകളാക്കാനായി പഠിച്ചുകൊണ്ടിരിക്കുകയാണ്.
യു എസിലും യു കെ യിലും ആരംഭിക്കുന്ന പറക്കും ടാക്സികൾ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സൗദിയിലും യു എ ഇ യിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പറക്കും ടാക്സികൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സൗദിയിൽ പറന്നുയരും. ഇത് ഗതാഗത, ടൂറിസം, ബിസിനസ് മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും. യാത്രയുടെ ടിക്കറ്റ് നിരക്കോ ചിലവുകളോ ഇപ്പോൾ വ്യക്തമല്ല. എന്നാൽ യാത്ര ചെലവ് കുറക്കാൻ ശ്രമിക്കുമെന്ന് ചില ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.
യാത്ര ചെലവ് കുറക്കുന്നത് വഴി വിനോദസഞ്ചാരികൾക്കും സാധാരണ പൗരന്മാർക്കും ഈ രീതി ഒരുപോലെ ഉപയോഗിക്കാൻ കഴിയും. ആളുകളെ ടൂറിസ്റ്റ് സൈറ്റുകളിലേക്കും അവരുടെ ബിസിനസ് കേന്ദ്രങ്ങളിലേക്കും എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും കൊണ്ടുപോകാൻ കഴിയും. 2026 വരെ ഒരു മൈലിന് 3 ഡോളറിൽ കവിയില്ലെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.