ഒമിക്രോൺ ഡൽറ്റയേക്കാൾ വ്യാപനശേഷിയുള്ളതെന്ന് അമേരിക്കൻ ശാസ്ത്രജ്ഞൻ
കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ഡൽറ്റയേക്കാൾ വ്യാപനശേഷിയുള്ളതാണെന്ന് പ്രമുഖ അമേരിക്കൻ ശാസ്ത്രജ്ഞൻ ആൻ്റണി ഫൗച്ചി. എന്നാൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഡൽറ്റയേക്കാൾ ഗുരുതര സ്വഭാവമുള്ളതായി കാണാനാവില്ല. അതേസമയം തീവ്രത വിലയിരുത്താൻ ആഴ്ചകളെടുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവാണ് ആൻ്റണി ഫൗച്ചി.
വ്യാപനശേഷി, തീവ്രത, വാക്സിനുകളെ ചെറുക്കാനുള്ള ശേഷി എന്നീ മൂന്ന് സുപ്രധാന മേഖലകളിൽ ഊന്നി നിന്നുകൊണ്ടുള്ള വിലയിരുത്തലാണ് അദ്ദേഹം നടത്തിയത്. വ്യാപനശേഷി ഡൽറ്റയേക്കാൾ കൂടുതലാണ് എന്നതിൻ്റെ വ്യക്തമായ സൂചനകളുണ്ട്. എന്നാൽ തീവ്രത നിലവിലെ അവസ്ഥയിൽ കുറവായിട്ടാണ് കാണുന്നത്. നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച് ഇപ്പോൾ പറയാറായിട്ടില്ല. ലാബ് പരീക്ഷണങ്ങളുടെ ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ- അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ദീർഘകാല ഡയറക്ടറായ ഫൗച്ചി പറഞ്ഞു.