'പാര്‍ലമെന്റ് ആകര്‍ഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്? '; വനിതാ എം പിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരൂര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ എം പിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍. ആറു വനിതാ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് 'പാര്‍ലമെന്റ് ആകര്‍ഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്' എന്ന രസകരമായ ക്യാപ്ഷനോട് കൂടി തരൂര്‍ ട്വീറ്റ് ചെയ്തത്.
എന്‍സിപിയിലെ സുപ്രിയ സുലെ, കോണ്‍ഗ്രസിന്റെ പാട്യാല അംഗം പ്രണീത് കൗര്‍, ഡി എം കെയിലെ ഡോ. തമിഴച്ചി തങ്കപാണ്ഡ്യന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും നടിമാരുമായ മിമി ചക്രബര്‍ത്തി, നുസ്രത് ജഹാന്‍, കോണ്‍ഗ്രസ് അംഗം ജ്യോതിമണി എന്നിവരുമൊത്തുള്ള ചിത്രമാണ് തരൂര്‍ പോസ്റ്റ് ചെയ്തത്.
തരൂര്‍ കൗതുകത്തോടെ പങ്കുവച്ച ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. പാര്‍ലമെന്റിലെ സ്ത്രീകള്‍ ആരുടെയും തൊഴിലിടം ആകര്‍ഷമാക്കാനുള്ളവരല്ലെന്നായിരുന്നു പോസ്റ്റിനു താഴെ ഉയര്‍ന്ന ഒരു കമന്റ്.