അത്യപൂർവ ഗർഭാവസ്ഥ; സ്ത്രീയുടെ കരളിനുള്ളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തി
33 കാരിയായ ഒരു സ്ത്രീയുടെ കരളിനുള്ളിൽ വളരുന്ന ഭ്രൂണത്തെ കണ്ടെത്തി. അത്യപൂർവമായ ഗർഭാവസ്ഥയാണിത്. കാനഡയിലെ മാനിറ്റോബ ചിൽഡ്രൻസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രീഷ്യൻ ഡോ. മൈക്കൽ നർവിയാണ് മെഡിക്കൽ ഹിസ്റ്ററിയിൽ തന്നെ അത്യപൂർവമായ ഗർഭാവസ്ഥയെ വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്.
ബീജസങ്കലനത്തിൽ ഏർപ്പെട്ട അണ്ഡം ഗർഭാശയ അറയിൽ പ്രവേശിക്കുന്നതിന് പകരം മറ്റെവിടെയെങ്കിലും കുടുങ്ങിപ്പോകുന്നതാണ് എക്ടോപിക് ഗർഭധാരണം. ഒരു സാധാരണ എക്ടോപിക് ഗർഭാവസ്ഥയിൽ അണ്ഡം ഫാലോപ്യൻ ട്യൂബിൽ കുടുങ്ങി അവിടെ വളരാറുണ്ട്. അപൂർവമായി അണ്ഡാശയത്തിലോ സെർവിക്സിലോ ഉദരഭിത്തിയിലോ കുടുങ്ങി അവിടെയും വളരാറുണ്ട്.
കരളിലെ എക്ടോപിക് ഗർഭം അസാധാരണവും അത്യപൂർവവുമാണെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ പറയുന്നു. 1964-നും 1999-നും ഇടയിൽ കരളിലെ എക്ടോപിക് ഗർഭധാരണത്തിന്റെ 14 കേസുകൾ മാത്രമാണ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.