പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറി; അക്രമത്തിൽ കോണ്‍ഗ്രസുകാരു ണ്ടെങ്കിൽ നടപടി; വിഡി സതീശന്‍

തിരുവനന്തപുരം: ദേശീയ തലത്തില്‍ ട്രെയ്ഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് സതീശന്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനോട് യോജിക്കാനാവില്ലെന്നും കോണ്‍ഗ്രസുകാര്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ കരണത്തടിക്കാനും മുഖത്തു തുപ്പാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശന്‍ പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങള്‍ക്കു മുന്നിലെ സമരത്തോടു യോജിപ്പില്ലെന്ന്, ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള ട്രെയ്ഡ് യൂണിയന്‍ മാര്‍ച്ച് പരാമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് അസഹിഷ്ണുതയാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. കോണ്‍ഗ്രസിന്റെ നിലപാട് അവരെ അറിയിക്കും.

കെ റെയില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധി സാങ്കേതികം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സര്‍വേയുടെ പേരില്‍ ആര് കല്ലിട്ടാലും പിഴുതെറിയും. ജെയ്‌ക്കെയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

Related Posts