ഭാവന, സംയുക്ത, ഗീതു; ഇൻസ്റ്റഗ്രാമിൽ പുതിയ ഫോട്ടോ പങ്കുവെച്ച് ത്രിമൂർത്തികൾ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് ഭാവനയും സംയുക്ത വർമയും ഗീതു മോഹൻദാസും. ഭാവന അഭിനയ രംഗത്തും ഗീതു സംവിധാന മേഖലയിലും സജീവമാണ്. വിവാഹത്തോടെ അഭിനയരംഗം വിട്ട സംയുക്ത കുടുംബിനിയായി ഒതുങ്ങിക്കഴിയുകയാണ്. അടുത്ത സുഹൃത്തുക്കളായ മൂവരും ചേർന്നുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ഗീതു മോഹൻദാസാണ്.
ഭാവനയും ഗീതുവും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ഭാവന ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ പതിനാറാം വയസ്സിൽ അഭിനയ രംഗത്തെത്തിയ ഭാവന ഒരു പതിറ്റാണ്ട് കാലത്തിനിടയിൽ മലയാളം, തമിഴ്, തെലുഗ്, കന്നട ഭാഷകളിലായി അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമാ നിർമാതാവായ നവീൻ ആണ് താരത്തിൻ്റെ ജീവിത പങ്കാളി. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഗീതു മോഹൻദാസ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
2000-ത്തിൽ ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ഗീതു സിനിമയിൽ വീണ്ടും സജീവമായി. സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗീതുവിൻ്റെ മൂത്തോൻ എന്ന ചിത്രത്തിന് നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിരുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ് ഗീതുവിൻ്റെ ജീവിത പങ്കാളി.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ അഭിനയ രംഗത്തെത്തുന്നത്. കേവലം മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 18 ചിത്രങ്ങളിലാണ് സംയുക്ത അഭിനയിച്ചത്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ 1999-ലും മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിലൂടെ 2000-ത്തിലും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി. നടൻ ബിജുമേനോനുമായുള്ള വിവാഹശേഷം സംയുക്ത സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.