കൊവിഡിന് ഗുളികയുമായി ഫൈസർ, പാക്‌സ്‌ലവിഡ് എന്ന് പേര്; അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നൽകി
കൊവിഡിനെ കീഴ്പെടുത്താൻ ഗുളികയുമായി അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ ഫൈസർ. പാക്‌സ്‌ലവിഡ് എന്ന പേരിലാണ് ഗുളിക വിപണിയിൽ എത്തുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ് ഡി എ) ഗുളികയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി.
എഫ് ഡി എ യുടെ ക്ലിയറൻസ് ലഭിക്കുന്ന കൊവിഡിനുള്ള ആദ്യത്തെ ഹോം തെറാപ്പിയാണ് പാക്‌സ്‌ലവിഡ് എന്ന ഈ മരുന്ന്. ഉത്പാദനം വർധിക്കുന്നതോടെ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശക്തമായ ആയുധമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം മൂലം ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാൻ ഇടയുള്ള ഹൈ റിസ്ക് രോഗികളുടെ ആശുപത്രിവാസം ഒഴിവാക്കാൻ പാക്‌സ്‌ലവിഡ് തെറാപ്പി വഴി കഴിയുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
ഫൈസർ ഗുളിക കൊവിഡിനെതിരായ പോരാട്ടത്തിലെ പുതിയ വാഗ്ദാനമാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ഇത് ആശുപത്രിവാസവും മരണവും കുറയ്ക്കും. ഗുളികയുടെ ഉത്പാദനം വർധിപ്പിക്കാൻ ഫൈസറിനെ സഹായിക്കാൻ ആവശ്യമെങ്കിൽ ഫെഡറൽ സർക്കാർ യുദ്ധകാല അധികാരങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12 വയസ്സിനും അതിന് മുകളിലുമുള്ള, രോഗം ഗുരുതരമാവാൻ സാധ്യതയുളള, ലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗികൾക്കാണ് പാക്‌സ്‌ലവിഡ് നൽകുക. ദിവസത്തിൽ രണ്ടുതവണ വീതം അഞ്ച് ദിവസമാണ് ഇത് കഴിക്കേണ്ടത്. റിറ്റോനവിർ എന്ന ഗുളിക കൂടി ഇതോടൊപ്പം കഴിക്കണം.