നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകളില്ല; കത്തയച്ച് തീർഥാടകൻ

കൊച്ചി: നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസുകളില്ലെന്ന് തീർത്ഥാടകൻ ഹൈക്കോടതിക്ക് നൽകിയ കത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർക്കും എസ്.പിക്കും വൈകിട്ട് നാലിനകം മറുപടി നൽകണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. തീർത്ഥാടകന്‍റെ പരാതി വൈകിട്ട് നാല് മണിക്ക് കോടതി പരിഗണിക്കും. അതേസമയം കെ.എസ്.ആർ.ടി.സി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ സർവകാല നേട്ടം കൊയ്തതായാണ് റിപ്പോർട്ടുകൾ. മണ്ഡലകാലം മുതൽ നവംബർ 30 വരെ 6,79,68,884 രൂപയാണ് പിരിച്ചെടുത്തത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള ചെയിൻ സർവീസ് വഴി (17.5 കിലോമീറ്റർ) 10,93,716 പേരാണ് ശബരിമലയിൽ എത്തിയത്. ശബരിമല മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് 171 ചെയിൻ സർവീസുകളും 40 ഓളം കെ.എസ്.ആർ.ടി.സി അധിക സർവീസുകളും പളനി, തെങ്കാശി, കോയമ്പത്തൂർ എന്നിവയെ ബന്ധിപ്പിക്കുന്ന 18 അന്തർ സംസ്ഥാന സർവീസുകളും പമ്പയിൽ നിന്ന് വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകളുമുണ്ട്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചെന്നൈ, മധുര സർവീസുകൾ ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവകാല റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കണ്ടക്ടർമാരില്ലാത്ത സർവീസുകൾ നിലയ്ക്കൽ മുതൽ പമ്പ വരെയും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. ഇതിനായി നിലയ്ക്കലിലും പമ്പയിലും 10 വീതം പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമികൾക്ക് കൗണ്ടറിൽ നിന്ന് മുൻകൂട്ടി ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാം. പ്രായമായവർക്കും മുതിർന്ന പൗരൻമാർക്കും ഗ്രൂപ്പ് ടിക്കറ്റുകൾക്കുമായി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കൽ-പമ്പ എസി ബസുകൾക്ക് 80 രൂപയും മറ്റെല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.

Related Posts