തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം;

കിഷോർകുമാർ പുരസ്കാരം സാനു ജോൺ വർഗീസിന് സമ്മാനിച്ചു

പ്രഥമ കിഷോർ കുമാർ പുരസ്കാരം സാനു ജോൺ വർഗീസിന് സമ്മാനിച്ചു. സംവിധായകൻ സജിൻ ബാബുവാണ് അവാർഡ് സമ്മാനിച്ചത്. സിനിമ ശക്തിയുള്ള കലയാണെന്ന് പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു. സിനിമയെപ്പോലെ ശക്തിയുള്ള കലാരൂപത്തിൻ്റെ കടി മറ്റൊരു കലാരൂപത്തിനും തരാൻ കഴിയില്ല. കെട്ടുകാഴ്ചകളല്ല സിനിമ. ഇച്ഛാശക്തി കൊണ്ടു മാത്രമാണ് സിനിമ ഉണ്ടാകുന്നത്. തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാറുകൾ അഭിനയിച്ച സ്റ്റാർഡം ഇല്ലാത്ത സിനിമയാണ് 'ആർക്കറിയാം' എന്നും അദ്ദേഹം പറഞ്ഞു. താരപ്പൊലിമയുടെ ഒരു എലമെൻ്റും സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ആർക്കറിയാം ഹൃദയമുള്ള സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. കാണിച്ച സിനിമകൾ പോയ കാലത്തിൻ്റെയല്ല വരാനിരിക്കുന്ന കാലത്തിൻ്റെ ആകുലതകളെയാണ് ഉൾക്കൊള്ളുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്റ്റർ ജോളി ചിറയത്ത് പറഞ്ഞു. ജനചിത്ര പൊലെയുള്ള പ്രദേശിക ചലച്ചിത്ര മേളകൾ സിനിമയെന്ന മാധ്യമത്തെ ഏറെ മുന്നോട്ട് കൊണ്ടു പോകുമെന്ന് അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് സാനു ജോൺ വർഗീസ് പറഞ്ഞു. സംവിധായകൻ സജിൻ ബാബു കിഷോർ കുമാറിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. പി എൻ ഗോപീകൃഷ്ണൻ, പ്രീതി നീരജ്, കിഷോറിൻ്റെ അമ്മ വിജയലക്ഷ്മി, കെ എസ് സുഷിൽ, പി എം അഹമ്മദ്, പ്രദീപ് ലാൽ, വി ആർ പ്രഭ, സഞ്ജു മാധവ് എന്നിവർ സംസാരിച്ചു. പി എസ് ചന്ദ്രമതിയും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നവും അരങ്ങേറി.

Related Posts