കായകൽപ്പ് പുരസ്കാരങ്ങൾ : അഭിമാന നേട്ടത്തിൽ തൃശൂർ ജില്ല
തൃശൂർ : സംസ്ഥാന കായകല്‍പ്പ് പുരസ്കാരങ്ങളിൽ തലയെടുപ്പോടെ തൃശൂർ. ജില്ലയ്ക്ക് മാത്രമായി 13 പുരസ്കാരങ്ങൾ ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ജില്ലാ തലത്തില്‍ 89.24 ശതമാനം സ്‌കോറോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയാണ് തൃശൂര്‍ ജനറല്‍ ആശുപത്രി കരസ്ഥമാക്കിയത്. ഇതോടൊപ്പം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വിഭാഗത്തില്‍ സെക്കന്‍റ് ക്ലസ്റ്ററില്‍ രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ ഗോസായിക്കുന്ന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിനും 70%ത്തില്‍ കൂടുതല്‍ സ്കോര്‍ നേടിയ ആശുപത്രികള്‍ക്കുള്ള പ്രത്യേക പരാമര്‍ശത്തില്‍ 50,000/- രൂപ കാച്ചേരി അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററിനും ലഭിച്ചു.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി പെരിഞ്ഞനം തൃശൂര്‍ (91.29 ശതമാനം) അര്‍ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 13 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ ഫസ്റ്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തിരുവല്ല, പത്തനംതിട്ട (99.2 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാമ്പഴക്കര, തിരുവനന്തപുരം (96.3 ശതമാനം) കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുട്ടട, തിരുവനന്തപുരം (95.8 ശതമാനം) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.
സെക്കന്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വി.ആര്‍. പുരം തൃശൂര്‍ (98.3 ശതമാനം) ഒന്നാം സ്ഥാനവും, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഗോസായിക്കുന്ന്, തൃശൂര്‍ (97.9 ശതമാനം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
അതോടൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 28 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.
കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കിവരുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.