തിരിച്ചടിച്ച് യുക്രൈന്‍; 3000 ചതുരശ്ര കിലോമീറ്റർ തിരിച്ചുപിടിച്ചു
കീവ്: വടക്കുകിഴക്കൻ യുക്രൈനിലെ പ്രധാന പ്രദേശമായ ഇസിയം ഉപേക്ഷിക്കാൻ റഷ്യ നിർബന്ധിതരായതിന് തൊട്ടുപിന്നാലെ, യുദ്ധത്തിൽ അന്തിമ വിജയം ഉറപ്പാക്കാൻ അടിയന്തിര മാറ്റങ്ങൾ വരുത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോട് റഷ്യൻ ദേശീയവാദികൾ അഭ്യർത്ഥിച്ചു. മാർച്ചിൽ യുക്രൈന്റെ തലസ്ഥാനമായ കീവിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹാർകിവ് പ്രവിശ്യയിലെ ഇസിയത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. അതേസമയം, റഷ്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ-ഇൻ-ചീഫ് വ്ലാഡിമിർ പുടിനോ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവോ യുക്രേനിയൻ സേനയുടെ മുന്നേറ്റത്തെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. റഷ്യ പിടിച്ചെടുത്ത 3000 ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ചുപിടിച്ചതായി യുക്രൈൻ സൈന്യം അറിയിച്ചു. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള എനോർഹൊദാർ നഗരത്തിലെ സപൊറീഷ്യ ആണവ നിലയത്തിന്‍റെ പ്രവർത്തനം യുക്രൈൻ പൂർണ്ണമായും നിർത്തിവെച്ചു. യുക്രേനിയൻ പവർ ഗ്രിഡുമായുള്ള സ്റ്റേഷന്‍റെ ബന്ധം വിച്ഛേദിച്ചു. ആണവ വികിരണത്തിന്‍റെ ഭീഷണി സജീവമായതിനാലാണ് ഇത്. അതേസമയം, യുക്രേനിയൻ സൈന്യത്തിന്‍റെ വാരാന്ത്യ ആക്രമണത്തിൽ പ്രതികരണമായി റഷ്യൻ സൈന്യം ഹർകീവിലെ ജല സൗകര്യങ്ങളും ഒരു താപവൈദ്യുത നിലയവും ആക്രമിച്ചതായി യുക്രൈൻ ആരോപിച്ചു. ഇത് വ്യാപകമായ വൈദ്യുതി മുടക്കത്തിന് കാരണമായതായി യുക്രൈൻ പറഞ്ഞു. തങ്ങളുടെ സൈന്യം സാധാരണ പൗരൻമാരെ മനപ്പൂർവ്വം ലക്ഷ്യമിടുന്നുവെന്ന ആരോപണം റഷ്യ നിഷേധിക്കുന്നതായി യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി ട്വീറ്റ് ചെയ്തു.