തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഭീഷണി: രാഹുല്‍ ഗാന്ധി
വിശാഖപട്ടണം: തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്‍റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഭരത് ജോഡോ യാത്രയിൽ താൻ കണ്ടുമുട്ടിയ ഓരോ ചെറുകിട വ്യവസായിയും ഓരോ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും എല്ലാ യുവജനങ്ങളും തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്കയാണ് പങ്കിടുന്നത്. ഓരോ ഇന്ത്യക്കാരനും മുന്നോട്ട് പോകുന്നത് തനിക്ക് ജോലി നഷ്ടപ്പെടുമെന്നോ, നിലവിലെ സ്ഥിതി വഷളാകുമെന്നോ, ഒരിക്കലും ജോലി കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നോ ഉള്ള ഭയത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്റ്റീൽ പ്ലാന്‍റിലെയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെയും ജീവനക്കാരുമായും തൊഴിൽ രഹിതരായ യുവാക്കളുമായും നടത്തിയ ആശയവിനിമയത്തിൽ ഈ ഭയം പ്രകടമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.