കുട്ടനാട്ടിലെ മാറ്റം മാത്രം പരിശോധിച്ചാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ മനസിലാകുമെന്ന് വി ഡി സതീശൻ
കുട്ടനാട്ടില്‍ ഉണ്ടായിരിക്കുന്ന മാറ്റം മാത്രം പരിശോധിച്ചാല്‍ കാലാവസ്ഥാ വ്യതിയാനം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയിരിക്കുന്ന ദുരന്തങ്ങള്‍ എന്താണെന്നു മനസിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടനാട്ടിൽ കടക്കെണിയിലായ കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ മാറ്റം മറ്റ് ഭാഗങ്ങളിലുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകുന്നതും വികസനവുമായി വരുന്നതും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സന്തുലിതമായ വികസനമാണ് കേരളത്തിനു വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പരിഹാരമുണ്ടാക്കാന്‍ യു ഡി എഫ് ശ്രമിക്കും.
ദുരന്തത്തിനിരയായ കര്‍ഷകരുടെ കേടായ നെല്ല് സംഭരിച്ച് പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഇത്തവണ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടുത്ത തവണ അവര്‍ എങ്ങനെയാണ് കൃഷിയിറക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് പിടിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നടപടിയുമായി യു ഡി എഫ് മുന്നോട്ടു പോകും. കര്‍ഷകരുടെ സങ്കടം കാണാന്‍ മാത്രമല്ല, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്കും കുട്ടനാട് നിന്നും തുടക്കം കുറിക്കും.