കേരളത്തിൽ യു പി സ്കൂളുണ്ട്, യു പി യിൽ കേരള സ്കൂളുണ്ടോ? സാമൂഹ്യ മാധ്യമങ്ങളിൽ പൊട്ടിച്ചിരി പടർത്തി വൈറൽ ട്രോൾ

യോഗി ആദിത്യ നാഥിൻ്റെ കേരളത്തിനെതിരായ പ്രസ്താവന വലിയ തോതിൽ ഒച്ചപ്പാടും കോളിളക്കവും സൃഷ്ടിച്ചു. ഉരുളയ്ക്കുപ്പേരി കണക്കേ മുഖ്യമന്ത്രിയുടെ കിടിലൻ മറുപടി വന്നു. യോഗിയുടെ പ്രസ്താവന തള്ളിക്കളയുന്ന തരത്തിൽ പ്രതിപക്ഷ നേതാവിൻ്റെ ഉശിരൻ ട്വീറ്റും തൊട്ടുപിറകേ വന്നു. എന്നാൽ യോഗിയെ അനുകൂലിച്ചും കേരളത്തേക്കാൾ മെച്ചപ്പെട്ട സാമൂഹ്യ അന്തരീക്ഷമാണ് ഉത്തർപ്രദേശിലെന്ന് പ്രഖ്യാപിക്കുന്ന വിധത്തിലും കെ സുരേന്ദ്രൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടു.

രാഷ്ട്രീയ നേതൃത്വം ഈ വിധത്തിൽ കൊണ്ടും കൊടുത്തും യോഗീ വിഷയം ചൂടു പിടിപ്പിക്കുന്നതിനിടയിലാണ് ട്രോളൻമാർ വിഷയം ഏറ്റെടുത്തത്. വിവാദ ഭൂമികയായ യു പി യും കേരളവും ട്രോളൻമാരുടെ കൈയിൽ കിട്ടിയതോടെ ഭാവനാ വിലാസങ്ങൾ പിറക്കുകയായി. നൂറ് കണക്കിന് ട്രോളുകളാണ് മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങിയത്. യോഗിയും പിണറായിയും അങ്കത്തട്ടിൽ നേർക്കുനേർ ഏറ്റുമുട്ടുന്നതും അന്താക്ഷരി മത്സരത്തിൽ കൊമ്പുകോർക്കുന്നതും അടക്കമുളള ട്രോളുകൾ ഇറങ്ങി.

എന്നാൽ ഏറ്റവും രസകരവും സാമൂഹ്യ മാധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തതുമായ ട്രോൾ കേരളത്തിൽ യു പി സ്കൂളുണ്ട്. യു പി യിൽ കേരള സ്കൂളുണ്ടോ എന്ന കിടുക്കാച്ചി ഐറ്റമാണ്. ലളിതവും കുറിക്കു കൊള്ളുന്നതുമായ വാചകങ്ങളാണ് ട്രോളുകളിൽ മെഗാ ഹിറ്റായി മാറുന്നത്. യു പി സ്കൂൾ എന്ന രണ്ടേ രണ്ടു വാക്കിനെ എടുത്ത് സന്ദർഭത്തിന് അനുസരിച്ച് വീശിയപ്പോൾ ട്രോളിൻ്റെ ജാതകം തന്നെയാണ് തിരുത്തിക്കുറിച്ചത്. അതുകൊണ്ടാണ് പറയുന്നത് ട്രോൾ സിംപിളാവണം, പവർഫുള്ളും.

Related Posts