ഗോൾഡൻ ബൂട്ട് സമ്മാനിച്ച യുവരാജ് സിങ്ങിന് വിരാട് കോലിയുടെ ഹൃദയസ്പർശിയായ കത്ത്
ഗോൾഡൻ ബൂട്ട് സമ്മാനിച്ച യുവരാജ് സിങ്ങിന് ഹൃദയസ്പർശിയായ കത്തെഴുതി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. അപാരമായ ഇച്ഛാശക്തിയിലൂടെ കാൻസറിനെ അതിജീവിച്ച യുവരാജിൻ്റെ ജീവിതം തലമുറകൾക്ക് പ്രചോദനമാണെന്ന് കോലി കത്തിൽ കുറിച്ചു.
ഗോൾഡൻ ബൂട്ട് സമ്മാനിച്ചതിന് കോലി യുവരാജിന് നന്ദി പറഞ്ഞു. "ക്രിക്കറ്റിൻ്റെ ലോകത്തേക്ക് ചുവടുവെച്ച നാൾ മുതൽ എനിക്ക് താങ്കളെ അറിയാം. എല്ലായ്പ്പോഴും വളരെ ഉദാരവാനും ചുറ്റുമുള്ള ആളുകളോട് കരുതലുള്ളവനുമാണ് താങ്കൾ. ഇപ്പോൾ നാം രണ്ടു പേരും പിതാക്കന്മാരാണ്. അത് എന്തൊരു അനുഗ്രഹമാണെന്ന് നമുക്കറിയാം," കോലി ട്വീറ്റ് ചെയ്തു.
സന്തോഷകരമായ ഓർമകളും മനോഹരമായ അനുഭവങ്ങളും നിറഞ്ഞ അനുഗൃഹീതമായ ജീവിതം യുവരാജിനുണ്ടാവട്ടേ എന്ന ആശംസയോടെയാണ് കോലിയുടെ കത്ത് അവസാനിക്കുന്നത്.