വാൾമാർട്ടിൽ ദീർഘദൂര ട്രക്ക് ഡ്രൈവർമാരുടെ ശമ്പളം കൂട്ടുന്നു; പ്രതിവർഷം ഏതാണ്ട് 83 ലക്ഷം രൂപ
ദീർഘദൂര ട്രക്ക് ഡ്രൈവർമാരുടെ പ്രതിവർഷ ശമ്പളം 95,000-1,10,000 എന്ന റേഞ്ചിലേക്ക് ഉയർത്താൻ ഒരുങ്ങി വാൾമാർട്ട്. സ്വന്തമായി ട്രക്കിംഗ് ഫ്ലീറ്റുള്ള ചുരുക്കം ചില റീട്ടെയിൽ ശൃംഖലകളിലൊന്നാണ് വാൾമാർട്ട്.
വാൾമാർട്ടിൽ ഡ്രൈവർമാരുടെ ശരാശരി ആരംഭ ശമ്പളം ഏകദേശം 88,000 ഡോളറാണ്. അതാണ് 95,000-1,10,000 ഡോളറായി ഉയർത്തുന്നതെന്ന് കമ്പനി അറിയിച്ചു. പുതിയ ഉയർന്ന ശമ്പള വർധന വർധിച്ചു വരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
വാൾമാർട്ടിൻ്റെ സ്റ്റോറുകളിലേക്കും ഇ-കൊമേഴ്‌സ് വെയർഹൗസുകളിലേക്കും ചരക്കുകൾ എത്തിക്കുന്നതിനും ഓൺലൈൻ ഓർഡറുകളുടെ ഡെലിവെറി ആവശ്യങ്ങൾ നിറവേറ്റുന്നതിനും വാൾമാർട്ടിന് വർധിച്ച തോതിൽ ഡ്രൈവർമാരെ ആവശ്യമുണ്ട്. കഴിഞ്ഞ വർഷം 4,500-ലധികം ഡ്രൈവർമാരെ നിയമിച്ചിരുന്നു. ഏകദേശം 12,000 ട്രക്ക് ഡ്രൈവർമാർ ജോലി ചെയ്യുന്ന കമ്പനിയുടെ റെക്കോഡ് റിക്രൂട്ട്മെൻ്റായിരുന്നു കഴിഞ്ഞ വർഷത്തേത്.