മുഖ്യമന്ത്രി ആരാവണം? പഞ്ചാബിൽ ജനഹിതം ആരാഞ്ഞ് എ എ പി
പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാണിക്കേണ്ട നേതാവ് ആരാവണം എന്നതു സംബന്ധിച്ച് ജനഹിത പരിശോധന നടത്തി ആം ആദ്മി പാർടി. 'ജനത ചുനേഗി അപ്നാ സി എം' എന്ന പേരിൽ സർവേ നടത്തിയാണ് വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്.
അഭിപ്രായ സർവേക്കായി ഒരു ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് അവരുടെ അഭിപ്രായം ടെക്സ്റ്റ് മെസേജായോ വോയ്സ് മെസേജായോ വാട്സാപ്പ് മെസേജായോ രേഖപ്പെടുത്താം. ജനുവരി 17 വൈകീട്ട് 5 മണി വരെയാണ് സർവേയുടെ സമയപരിധി.
അഭിപ്രായ സർവേ തുടങ്ങി കേവലം 24 മണിക്കൂറിനുള്ളിൽ 8 ലക്ഷം പേർ പ്രതികരണം രേഖപ്പെടുത്തിയതായി പാർടിയുടെ മുതിർന്ന നേതാവ് ഹർപാൽ സിങ്ങ് ചീമ അറിയിച്ചു. നാല് ലക്ഷത്തിലേറെ ഫോൺ കോളുകൾ, മൂന്ന് ലക്ഷത്തിലേറെ വാട്സാപ്പ് മെസേജുകൾ, ഒരു ലക്ഷത്തിലേറെ വോയ്‌സ് മെസേജുകൾ, 50,000-ത്തിലേറെ ടെക്സ്റ്റ് മെസേജുകൾ എന്നിവയാണ് ഇതുവരെ ലഭിച്ചത്.