കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് കേരള ആരോഗ്യശാസ്ത്ര സര്‍വ കലാശാലയിലെ സെൻ്റര്‍ ഫോര്‍ ഡിസെബിലിറ്റി മാനേജ്മെൻ്റ് സ്റ്റഡീസും സെൻ്റര്‍ ഫോര്‍ ജെറന്റോളജിക്കല്‍ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നൂറു കോടിയോളം ഭിന്നശേഷി സഹോദരങ്ങള്‍ ലോകത്തുണ്ടെന്നാണ് കണക്ക്. നമ്മുടെ രാജ്യത്തിൻ്റെ ജനസംഖ്യയുടെ അടുത്തെത്തുന്നതാണ് ആ സംഖ്യ. അവര്‍ക്കെല്ലാം ആത്മവിശ്വാസത്തോടെ സ്വയംപര്യാപ്തമായി ജീവിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ജനകീയ പിന്തുണയോടെ നമ്മുടെ ചുറ്റുപാടുകളെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭിന്നശേഷിക്കാരെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന 'സഹജീവനം' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അതിൻ്റെ ഭാഗമായാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ഇംഹാന്‍സിൻ്റെയും തൃശൂര്‍ കിലയുടേയും സഹകരണത്തോടെ സര്‍വകലാശാലാ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. സി പി വിജയന്‍, രജിസ്ട്രാര്‍ പ്രൊഫ. എ കെ മനോജ് കുമാര്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കോഴിക്കോട് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ഡോ. സുഭദ്ര കെ ടി എന്നിവര്‍ സംസാരിച്ചു.