ഒമിക്രോൺ രണ്ടാമതും ബാധിക്കുമോ? അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആൻ്റണി ഫൗസി പറയുന്നത്
കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരിൽ രണ്ടാമതും രോഗബാധയുണ്ടാകുമോ? ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൽ അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആൻ്റണി ഫൗസി പറയുന്നത് ഒരിക്കൽ രോഗം വന്നാൽ ഏതാനും മാസങ്ങളിലെങ്കിലും അതേ വകഭേദം വീണ്ടും ബാധിക്കാനുള്ള സാധ്യത ഇല്ലെന്നാണ്.
അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൻ്റെ ഡയറക്ടറാണ് ഫൗസി. കൊവിഡ് വൈറസിൻ്റെ കാര്യത്തിൽ രണ്ടാമതും അണുബാധ ഉണ്ടാവാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാവില്ലെന്ന് ഫൗസി പറഞ്ഞു. എന്നാൽ ആദ്യ രോഗബാധയിൽ തന്നെ മികച്ച രോഗപ്രതിരോധ പ്രതികരണം ഉണ്ടാകുന്നവരിൽ അതേ വകഭേദം രണ്ടാമതും ഉണ്ടാവാനുള്ള സാധ്യത നന്നേ വിരളമാണ്.
വകഭേദങ്ങളുടെ പ്രവചനാതീതമായ സ്വഭാവം ഏറ്റവും മികച്ചതും ഏറ്റവും മോശവുമെന്ന് സാഹചര്യങ്ങളെ വേറിട്ടു കാണാൻ പ്രേരിപ്പിക്കുന്നതായി ഫൗസി അഭിപ്രായപ്പെട്ടു. ഒരു വകഭേദം ബാധിച്ച് ഏതാനും നാളുകൾക്കുള്ളിൽ അതേ വകഭേദം ബാധിക്കുന്ന സാഹചര്യവും വ്യത്യസ്തമായ മറ്റൊരു വകഭേദം ബാധിക്കുന്ന സാഹചര്യവും ഉണ്ട്.