വിൽ സ്മിത്ത് സംഘി, എന്നെപ്പോലെ തന്നെ'; കങ്കണ റണാവത്ത്
ഇത്തവണത്തെ മികച്ച നടനുള്ള ഓസ്കർ നേടിയ വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ച സംഭവമാണ് ഓസ്കർ അവാർഡ് നിശ വാർത്തകളിൽ നിറയുന്നത്. 94-ാമത് ഓസ്കർ വേദിയിൽ വച്ചായിരുന്നു വിൽ സ്മിത്ത് അവതാരകനെ തല്ലിയത്. ഭാര്യയെ പരിഹസിച്ച ക്രിസ് റോക്കിനെ സ്മിത്ത് വേദിയിൽ കയറി അടിക്കുകയായിരുന്നു. അതിനു പിന്നാലെ വിൽ സ്മിത്തിനെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വിൽ സ്മിത്ത് സംഘിയാണ് എന്നായിരുന്നു കങ്കണ കുറിച്ചത്. വിൽ സ്മിത്തിന്റെ നാല് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. സ്മിത്ത് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചത്. വിൽ സംഘിയാണെന്ന് തെളിഞ്ഞു. എന്നെപ്പോലെ അദ്ദേഹവും റൗഡിയാണ് എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കങ്കണ കുറിച്ചത്.
ഭാര്യ ജേഡ് സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. അലോപേഷ്യ എന്ന രോഗത്തെ തുടർന്ന് ജേഡിന്റെ മുടി കൊഴിഞ്ഞുപോയിരുന്നു. ഇത് പരിഗണിക്കാതെയുള്ള ക്രിസ് റോക്കിന്റെ പരാമർശമാണ് അപ്രതീക്ഷിത സംവങ്ങൾക്ക് കാരണമായത്. എന്നാൽ മികച്ച നടനുള്ള അവാർഡ് വാങ്ങിയതിന് ശേഷം വിൽ സ്മിത്ത് സംഭവത്തിൽ മാപ്പു പറഞ്ഞിരുന്നു.