പൊതു വിദ്യാഭ്യാസത്തിൻ്റെ സംരക്ഷണത്തിനും കൊവിഡ് കാലത്തിൻ്റെ നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്കുമായി വിദ്യാലയാങ്കണത്തിൽ യുവ കലാ സാഹിതി പ്രവർത്തകരുടെ ഔഷധ പച്ച
വിദ്യാലയാങ്കണത്തിൽ ഔഷധ പച്ചയൊരുക്കി യുവ കലാ സാഹിതി പ്രവർത്തകർ
യുവ കലാ സാഹിതി മണപ്പുറം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ അധ്യാപക പ്രസ്ഥാനം പിറവിയെടുത്ത വലപ്പാട് ജിഡി എം എൽ പി സ്കൂൾ അങ്കണത്തിൽ ഔഷധതോട്ടമൊരുക്കിയത്. തുളസി, ആടലോടകം , കുറുന്തോട്ടി, വെറ്റില, എരുക്ക് തുടങ്ങിയ നാല്പതോളം ഔഷധ സസ്യങ്ങളാണ് ഔഷധോദ്യാനത്തിലുള്ളത്. ഓരോ ഔഷധ സസ്യത്തിൻ്റെയും പേരുകളും ഔഷധഗുണങ്ങളും വിവരിക്കുന്ന കുറിപ്പുകളും ഒരുക്കിയിട്ടുമുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഔഷധ പച്ചയുടെ സമർപ്പണോദ്ഘാടനം നടത്തി. യുവകലാസാഹിതി പ്രസിഡണ്ട് വി.ആർ പ്രഭ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി ഹിരൺ , സജ്ന പർവ്വിൻ, മേരി ടീച്ചർ, സീന കണ്ണൻ, സ്കൂൾ മുൻ പ്രധാന അധ്യാപകൻ സി കെ കുട്ടൻ, വികസന സമിതി ചെയർമാൻ.സി വാസുദേവൻ, മാതൃസംഗമം പ്രസിഡണ്ട് ഷൈനി സജിത്ത്, കണ്ണൻ വലപ്പാട്, ലാൽ കച്ചില്ലം, സീമ രാജൻ, മുബീഷ് പനക്കൽ എന്നിവർ പ്രസംഗിച്ചു.