ലോകത്ത് കൊവിഡ് കടന്നു ചെന്നിട്ടില്ലാത്ത 10 രാജ്യങ്ങൾ; വിശദമായ റിപ്പോർട്ട് വായിക്കാം

ലോകം മുഴുവൻ കൊവിഡ് വൈറസിൻ്റെ പിടിയിലാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ലോകത്താകെ ഇതേവരെ 27,19,63,258 പേർക്കാണ് രോഗം ബാധിച്ചത്. 53,31,019 പേർക്ക് ജീവൻ നഷ്ടമായി. അമേരിക്കയിൽ മാത്രം 8 ലക്ഷം പേരാണ് മരിച്ചത്. അതേസമയം, കൊവിഡ് വൈറസ് ബാധ ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത 10 രാജ്യങ്ങൾ ലോകത്തുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിൽ ഭൂരിഭാഗവും പസഫിക്, അറ്റ്ലാൻ്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളാണ്. മറ്റ് രാജ്യങ്ങളുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ് എന്നതാണ് ഇവയുടെ സവിശേഷത. ഉത്തര കൊറിയ പോലെ ഏകാധിപത്യ ഭരണമുള്ള രാജ്യങ്ങളിൽ നിന്നുള്ള സീറോ കേസ് റിപ്പോർട്ടുകൾ വിശ്വസനീയമല്ല എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

not entered covid

covid not entered

എന്തായാലും, രണ്ടുവർഷക്കാലമായി ലോകം മുഴുവൻ സംഹാര താണ്ഡവം ആടുമ്പോഴും ഭീതിജനകമായ കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങൾ താഴെ പറയുന്നവയാണ്.

തുവാലു: ദക്ഷിണ പസഫിക്കിലെ ദ്വീപ് സമൂഹം. മൂന്ന് റീഫ് ദ്വീപുകളുടെയും ആറ് അറ്റോളുകളുടെയും കൂട്ടത്തിന് 25 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് അറ്റോൾ എന്ന് അറിയപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനസംഖ്യയിൽ 50 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.

തുർക്ക്‌മെനിസ്താൻ: ഉസ്ബെക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മധ്യേഷ്യൻ രാജ്യം. ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന തുർക്ക്‌മെനിസ്താൻ്റെ പ്രഖ്യാപനത്തെ പല രാജ്യങ്ങളും അവിശ്വസിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തെ അലോസരപ്പെടുത്തുന്ന നിലപാടാണ് ഇക്കാര്യത്തിൽ രാജ്യത്തിനുള്ളത്. രണ്ട് വർഷമായി ലോകത്തെ വരിഞ്ഞുമുറുക്കിയ വൈറസ് തുർക്ക്മെനിസ്താനിൽ എത്താതിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ബിബിസിയോട് അഭിപ്രായപ്പെട്ടിരുന്നു.

ഉത്തര കൊറിയ: തുർക്ക്‌മെനിസ്താനെപ്പോലെ ഉത്തര കൊറിയയിലും കൊവിഡ് കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ വൈറസ് മുക്തമായി നിലനിർത്താൻ കിം ജോങ് ഉൻ ഭരണകൂടം രോഗബാധിതരെ കൊന്നൊടുക്കിയതായി പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്.

ടോക്‌ലൗ: ദക്ഷിണ പസഫിക്കിലെ ചെറിയ കൂട്ടം അറ്റോളുകൾ. 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണമാണ്ടോ ക്‌ലൗവിനുള്ളത്. 1,500 ആണ് ജനസംഖ്യ. വിമാനത്താവളം ഇല്ല. ന്യൂസിലൻഡിന് സമീപമുള്ള ദ്വീപിലേക്ക് കപ്പൽ മാർഗമാണ് എത്തിച്ചേരാനാവുക.

സെന്റ് ഹെലീന: തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി. ലോകത്തിലെ ഏറ്റവും വിദൂരമായ പ്രദേശങ്ങളിലൊന്നായാണ് സെന്റ് ഹെലീന കണക്കാക്കപ്പെടുന്നത്.

പിക്ടേൺ ദ്വീപുകൾ: പസഫിക് സമുദ്രത്തിലെ നാല് അഗ്നിപർവത ദ്വീപുകളുടെ കൂട്ടമാണിത്. സിഐഎ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരം അനുസരിച്ച് ദ്വീപിലെ മുഴുവൻ സമയ താമസക്കാരുടെ എണ്ണം 50 ആണ്. അവരിൽ ഭൂരിഭാഗവും ആദംസ്‌ടൗൺ ഗ്രാമത്തിന് സമീപമാണ് താമസിക്കുന്നത്.

നിയു: ന്യൂസിലൻഡിൽ നിന്ന് 2,500 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം. ലോകത്തിലെ ഏറ്റവും വലിയ പവിഴ ദ്വീപുകളിലൊന്നാണ് നിയു. കൊവിഡിനെതിരായ പോരാട്ടത്തിൽ നിയുവിന് പിന്തുണ നൽകിയത് ന്യൂസിലൻഡാണ്.

കിരിബാത്തി: ഹവായിയിൽ നിന്ന് 3,200 കിലോമീറ്ററിലധികം തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കൊവിഡിനെ അകറ്റി നിർത്താൻ ഭരണകൂടം നേരത്തെ തന്നെ കർക്കശമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നൗറു: വലിപ്പത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണിത്. കിരിബാത്തിയുടെ അയൽരാജ്യമാണ് നൗറു. രാജ്യത്ത് കൊവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെടാത്തതിന്റെ കാരണം പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണമാണ് എന്ന് പറയപ്പെടുന്നു.

മൈക്രോനേഷ്യ: 600-ലധികം ദ്വീപുകൾ ചേർന്നതാണ് ഫെഡറേഷൻ ഓഫ് മൈക്രോനേഷ്യ. കൊവിഡ്-19 നെ അകറ്റിനിർത്തുന്നതിന് ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും രാജ്യത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്.

Related Posts