കെ എസ് ആര്‍ ടി സി എണ്ണക്കമ്പനിക്ക് നല്‍കാനുള്ളത് 10 കോടി
ദിവസവരുമാനത്തിൽ നിന്ന് ശമ്പളം നൽകിയതോടെ കെ എസ് ആര്‍ ടി സിയിൽ ഡീസൽ വിതരണം നിലച്ചു. എണ്ണക്കമ്പനികൾക്കുള്ള പേയ്മെന്‍റുകൾ നിലച്ചതാണ് ഡീസൽ വിതരണത്തെ സാരമായി ബാധിച്ചത്. ഇന്ധനത്തിന്‍റെ അഭാവം മൂലം വടക്കൻ, മധ്യ മേഖലകളിൽ ബുധനാഴ്ച 250 ബസുകളാണ് റദ്ദാക്കിയത്. ഡീസൽ ക്ഷാമമുണ്ടെങ്കിൽ വരുമാനമില്ലാത്ത റൂട്ടുകൾ റദ്ദാക്കാനാണ് നിർദേശം. മഴയും പ്രകൃതിക്ഷോഭവും കാരണം ദൈനംദിന വരുമാനത്തിലും കുറവുണ്ടായി. ചൊവ്വാഴ്ചത്തെ വരുമാനം 4.6 കോടി രൂപയായിരുന്നു. ബാങ്ക് ഓവർ ഡ്രാഫ്റ്റായി ലഭിച്ച 50 കോടി രൂപയ്ക്ക് ശേഷം, ബാക്കി ശമ്പളം ദൈനംദിന വരുമാനത്തിൽ നിന്നാണ് നൽകിയത്. കഴിഞ്ഞ മൂന്ന് ദിവസമായി എണ്ണക്കമ്പനികൾക്ക് പണം നൽകിയിട്ടില്ല. 10 കോടി രൂപയുടെ കുടിശ്ശികയുണ്ട്. അടിയന്തര സഹായമായി 20 കോടി രൂപ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സ്ഥാപനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ജൂണിലെ ശമ്പളം പൂർണമായി നൽകിയിട്ടില്ല. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരുടെ ശമ്പളം ജില്ല തിരിച്ചാണ് നൽകുന്നത്. രണ്ട് ജില്ലകളിലെ ശമ്പളം ഇനിയും നൽകാനുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ശമ്പളം നൽകണം. ശമ്പള കുടിശ്ശിക തീർക്കാൻ ഏകദേശം 10 കോടി രൂപ ആവശ്യമാണ്.