100 ദിന കർമ്മ പദ്ധതി വീണ്ടും; 15896.03 കോടിയുടെ പദ്ധതികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കർമ്മ പദ്ധതി നാളെ മുതൽ ആരംഭിക്കും. 15,896.03 കോടി രൂപയുടെ പദ്ധതികൾ 100 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെയ് 20 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ ഡി എഫ്) സർക്കാർ അധികാരമേറ്റ് രണ്ട് വർഷം തികയുകയാണ്. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ നടപ്പിലാക്കി സുസ്ഥിര വികസന മാതൃക യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവി തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായും നൂതന സമൂഹമായും മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകൾ ഉൾപ്പെടുത്തി പ്രത്യേക 100 ദിന കർമ്മ പദ്ധതിയും ആവിഷ്കരിക്കാനും സാധിച്ചു. കഴിഞ്ഞ ഒന്നേ മുക്കാൽ വർഷത്തിനിടെ സംസ്ഥാനത്ത് രണ്ട് 100 ദിന കർമ്മ പരിപാടികൾ പൂർത്തിയാക്കി. രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കർമ്മ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നാളെ (ഫെബ്രുവരി 10) മുതൽ 100 ദിവസത്തിനുള്ളിൽ 15,896.03 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1284 പദ്ധതികളാണ് 100 ദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. 15,896.03 കോടി രൂപ വകയിരുത്തിയ 100 ദിന പരിപാടിയിൽ 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, അടിസ്ഥാന സൗകര്യ വികസന പരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ലൈഫ് മിഷന്‍റെ ഭാഗമായി 20,000 വ്യക്തിഗത വീടുകൾ പൂർത്തിയാക്കാനാണ് നൂറുദിന പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബശ്രീ സ്ഥാപക ദിനം മെയ് 17 ന് ആചരിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു. പച്ചക്കറി ഉല്പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പ്പാദനവും വിതരണവും സംസ്ഥാനത്ത് ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്‍റര്‍ ഓഫ് എക്സലന്‍സ് കാര്‍ഷിക വികസനത്തിന്‍റെ ഭാഗമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ 100 ദിന പരിപാടി സമാപിക്കുമ്പോള്‍ മുന്‍ പരിപാടികളെപ്പോലെ തന്നെ നടപ്പാക്കിയ പ്രോജക്റ്റുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.