100 ശതമാനം വാക്സിനേഷൻ നടത്തിയ ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശ് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നൂറ് ശതമാനം വാക്സിനേഷൻ നടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇവിടെ അർഹരായ മുഴുവൻ പേർക്കും (18 വയസും അതിൽ കൂടുതലുമുള്ള) ആദ്യ ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കി.
ഹിമാചൽ പ്രദേശിന് പുറമേ ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ലഡാക്ക്, ദാദ്ര നഗർ ഹവേലി ദാമൻ ആൻ്റ് ദ്യു എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വാക്സിനേഷൻ 100 ശതമാനം വിജയം കണ്ടത്.
ഹിമാചൽ പ്രദേശിൽ 5.57 മില്യൺ ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. നവംബർ 30 നുളളിൽ മുഴുവൻ പേർക്കും രണ്ടാം ഡോസു കൂടി നൽകുന്ന പ്രകിയ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ജയ്റാം താക്കുർ പറഞ്ഞു. ഗോവയിൽ 1.18 മില്യൺ പേർക്ക് വാക്സിൻ നൽകി. കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലിയിലും ദാമൻ ആൻ്റ് ദ്യുവിലുമായി 6,26,000 പേർക്കും ലഡാക്കിൽ 1,97,000 പേർക്കും ലക്ഷദ്വീപിൽ 53,499 പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. സിക്കിമിൽ 5,10,000 ഡോസാണ് നൽകിയത്.