വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം; മല്ലികാർജുൻ ഖാർഗെ ഇന്ന് കോട്ടയത്തെത്തും
കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് വൈകിട്ട് 3.15ഓടെ കോട്ടയത്തെത്തും. വൈകിട്ട് അഞ്ചിന് വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ വേദിയിൽ ഖാർഗെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തിലധികം പ്രവർത്തകരെ ഉൾക്കൊള്ളിച്ചുള്ള പരിപാടിയാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ഖാർഗെയുടെ ആദ്യ കേരള സന്ദർശനമാണിത്. വൈക്കത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം നെടുമ്പാശേരിയിൽ നിന്ന് ഖാർഗെ കർണാടകയിലേക്ക് പോകും.