101 കിറ്റുകളുടെ വിതരണം; പങ്കാളികളായി കേരള ഫയർ ആൻ്റ് റെസ്ക്യൂ സർവീസ് - സിവിൽ ഡിഫൻസ് അക്കാദമി.

തൃശൂർ:

കൊവിഡ് കാല സമാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി കേരള ഫയർ ആൻ്റ് റെസ്ക്യൂ സർവീസ് - സിവിൽ ഡിഫൻസ് അക്കാദമി. കൊവിസ് മഹാമാരിയുടെ ആഘാതത്തിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് 101 കിറ്റുകളുടെ വിതരണം. ഫയർ ആൻ്റ് റെസ്ക്യൂ സർവീസും സിവിൽ ഡിഫൻസ് അക്കാദമിയും സംയുക്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച് 500 രൂപ വില വരുന്ന ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ 101 കിറ്റുകളാണ് നൽകിയത്. പഞ്ചസാര, കടല, പരിപ്പ്, മുതിര, വെളിച്ചെണ്ണ, ചെറുപയറ്, ചായപ്പൊടി, കടുക്, ഉലുവ, മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലി തുടങ്ങിയവ ഉൾപ്പെടുന്നതാണ് കിറ്റ്. ലക്ഷംവീട് നാല് സെൻ്റ, അമ്പലം വഴി, ആശാഭവൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ കോളനി നിവാസികൾക്കാണ് കിറ്റുകൾ നൽകിയത്.

കിറ്റുകൾ അക്കാദമി സ്റ്റേഷൻ ഓഫീസർ വിപി ജഗദീഷ് നായർ, മോട്ടോർ ട്രാൻസ്പോർട്ട് സ്റ്റേഷൻ ഓഫീസർ സി സി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നം 200 മിൽമ അങ്കണവാടിയിൽ തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും വാർഡ് കൗൺസിലറുമായ രാജശ്രീ ഗോപന് കൈമാറി. ചടങ്ങിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സിവിൽ ഡിഫൻസ് സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ ആർ ശ്രീനിവാസൻ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ അനിൽ ആനന്ദ്, ഹോംഗാർഡ് കെ സി വിജയൻ എന്നിവർ സന്നിഹിതരായി.

Related Posts