2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക്, ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ നഷ്ടപരിഹാരം
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഹ്മാന്(37) ഒരു കോടി മൂന്നു ലക്ഷം രൂപ(506514 ദിർഹം) നഷ്ടപരിഹാരം നൽകാൻ ദുബായ്കോടതിയുടെ വിധി. 2019 ഓഗസ്റ്റ് 22ന് ഫുജൈറയിലെ മസാഫിയിൽവെച്ചാണ് അബ്ദുൽ റഹ്മാന് ഗുരുതര പരിക്കേറ്റത്. നിർത്തിയിട്ട വാഹനത്തിൽ ഇരിക്കുകയായിരുന്നു അബ്ദുൽ റഹ്മാൻ. മറ്റൊരു വാഹനം നിയന്ത്രണം തെറ്റി ഇദ്ദേഹത്തിന്‍റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റഹ്മാൻ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.
അപകടം ഉണ്ടായതിന് ശേഷം എതിർ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ട്രാഫിക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 3000 ദിർഹം പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു. തുടർന്ന് ഭീമമായ ചികിത്സാച്ചെലവ് ഉണ്ടായതിനെ തുടർന്ന് അബ്ദുൽ റഹ്മാൻ സുഹൃത്തുക്കളുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ഈ അപേക്ഷ നിരസിച്ചു. ഇതോടെയാണ് ചികിത്സാരേഖകളും പൊലീസ് റിപ്പോർട്ടുകളും ശേഖരിച്ച് യു എ ഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടുകൂടി അബ്ദുൽ റഹ്മാൻ കോടതിയെ സമീപിച്ചത്. ഈ കേസിൽ അബ്ദുൽ റഹ്മാന് അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. എന്നാൽ ഇതിനെതിരെ ഇൻഷുറൻസ് കമ്പനി ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി.
മാസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിൽ തെറ്റ് എതിർ ഡ്രൈവറുടെ ഭാഗത്താണെന്നും അബ്ദുൽ റഹ്മാന് സാരമായ പരിക്കേറ്റതായും കോടതി കണ്ടെത്തി. ഇതേത്തുടർന്ന് ഇൻഷുറൻസ് അതോറിറ്റി വിധിച്ച തുക തന്നെ നൽകണമെന്നും കോടതി വിധിച്ചു. ഇതോടെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അബ്ദുൽ റഹ്മാന്‍റെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾ ഉൾപ്പടെയുള്ള മറുപടി മെമ്മോറാണ്ടം അദ്ദേഹത്തിന് തുണയാകുകയായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങൾ മേൽ കോടതികൾ പൂർണമായും തള്ളിക്കളഞ്ഞു.