2022ൽ ഇന്ത്യന്‍ ബോക്സ് ഓഫീസ് നേടിയത് 10,637 കോടി!

കൊവിഡ് കാലം ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ മിക്ക വ്യവസായങ്ങളും തകർച്ച നേരിട്ടു. അതിലൊന്നായിരുന്നു സിനിമാ മേഖല. ലോക്ക്ഡൗൺ സമയത്ത് മാസങ്ങളോളം തിയേറ്ററുകൾ തുറക്കാൻ കഴിയാത്തതിനാൽ മൾട്ടി ബില്യൺ ഡോളർ വ്യവസായം നിശ്ചലമായിരുന്നു. എന്നാൽ ലോകം കൊവിഡിൽ നിന്ന് കരകയറാൻ തുടങ്ങിയപ്പോഴും സാവധാനമെ സിനിമാ വ്യവസായത്തിന് അതിന് കഴിഞ്ഞുള്ളു. സാമൂഹിക അകലം ശീലമാക്കിയ ആളുകൾ തിയേറ്ററുകളിൽ എത്താൻ സമയമെടുത്തതിനാലാണിത്. എന്നാൽ 2022 ആഗോള ചലച്ചിത്ര വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു. ആ തിരിച്ചുവരവ് ഇന്ത്യൻ സിനിമയ്ക്കും മികച്ചതാണ്. ആ തിരിച്ചുവരവിന്‍റെ കണക്കുകളും അതിശയകരമാണ്. പ്രമുഖ മാധ്യമ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയുടെ റിപ്പോർട്ട് അനുസരിച്ച്, വിവിധ ഭാഷാ സിനിമകൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒരുമിച്ച് 2022 ൽ 10,000 കോടിക്ക് മുകളിൽ കളക്ഷൻ നേടി. കൃത്യമായി പറഞ്ഞാൽ 10,637 കോടി രൂപ. ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷനാണിത്. കോവിഡിന് മുമ്പ് 2019ൽ നേടിയ 10,948 കോടി രൂപയാണ് ഒന്നാമത്. 2022 ൽ ദക്ഷിണേന്ത്യൻ സിനിമ ബോളിവുഡിന്‍റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴും, മൊത്തം കളക്ഷനുകളിൽ ഭൂരിഭാഗവും ഹിന്ദി ചിത്രങ്ങളിൽ നിന്നാണ്. 33 ശതമാനം. എന്നാൽ ദക്ഷിണേന്ത്യൻ സിനിമകളുടെ ഹിന്ദി പതിപ്പുകൾ കൂടി ചേരുമ്പോളുള്ള കണക്കാണിത്.

Related Posts