തുക എംപി ഫണ്ടിൽ നിന്ന്.
12 ആദിവാസി കോളനികളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബി എസ് എൻ എൽ.
ജില്ലയിലെ 12 ആദിവാസി കോളനികളിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബി എസ് എൻ എൽ. ഇതിനായി എംപി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിക്കും. ടി എൻ പ്രതാപൻ എംപിയുടെ അധ്യക്ഷതയിൽ ടെലകോം അധികൃതരുമായും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായും ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം.
12 കോളനികൾക്കുമായി 29.54 ലക്ഷമാണ് എംപി ഫണ്ടിൽ നിന്ന് വിനിയോഗിക്കുക. 7,90,000 രൂപ കണക്റ്റിവിറ്റി ബൂസ്റ്ററുകൾക്കുമായും നൽകും. ബി എസ് എൻ എൽ ഓരോ കോളനികൾക്കുമായി 15000 രൂപയുടെ സബ്സ്ക്രിഷ്ൻ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യമായും നൽകും. അടുത്ത വർഷം മുതൽ അതത് പഞ്ചായത്തുകളിൽ നിന്ന് വാടക ഈടാക്കും.
പാണഞ്ചേരി പഞ്ചായത്തിലെ പട്ടിലുംകുഴി, മാരായ്ക്കൽ, ചീനിക്കടവ്, പൂവൻചിറ, മണിയൻ കിണർ, പുത്തൂർ പഞ്ചായത്തിലെ പഴവെള്ളം, മരോട്ടിച്ചാൽ, വല്ലൂർ, അളഗപ്പനഗർ പഞ്ചായത്തിലെ വേപ്പൂർ, പയ്യാക്കര, തൃക്കൂർ പഞ്ചായത്തിലെ കാവല്ലൂർ, കള്ളായി എന്നീ കോളനികളിലാണ് ഇന്റർനെറ്റ് സൗകര്യം ഇപ്പോൾ ഏർപ്പെടുത്തുന്നത്. കണക്റ്റിവിറ്റി ലഭ്യമല്ലാത്ത ഏതെങ്കിലും പ്രദേശങ്ങൾ ഇനിയുമുണ്ടെങ്കിൽ അത് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു.
കണക്റ്റിവിറ്റി കുറവുള്ള മേഖലകളിലേക്ക് കണക്റ്റിവിറ്റി നൽകാൻ പരിപൂർണമായ സഹകരണമാണ് ടെലകോം അധികൃതർ വാഗ്ദാനം ചെയ്തത്. ചർച്ചയിൽ ടവറുകൾ, ബൂസ്റ്റർ ടവറുകൾ എന്നിവ സ്ഥാപിക്കാനും ഒപ്ടിക്കൽ ഫൈബർ ശൃംഖലയിലൂടെ വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കാനുമുള്ള ശ്രമം ഉടൻ ആരംഭിക്കാനും ധാരണയായി. വനമേഖലകളിൽ ഇന്റർനെറ്റ് ലഭിക്കാൻ സാധ്യതകുറവുള്ള പ്രദേശങ്ങളിൽ അങ്കണവാടികൾ, വായനശാലകൾ പോലുള്ള പബ്ലിക് യൂട്ടിലിറ്റി ബിൽഡിങുകളിൽ വൈഫൈ സ്‌പോട്ട് നൽകി പഠനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.
യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, ഉപജില്ല വിദ്യാഭ്യാസ ഡയറക്ടർ മദനമോഹനൻ, ജില്ല പ്ലാനിങ് ഓഫീസർ ശ്രീലത, ബി എസ് എൻ എൽ ടെലകോം അധികൃതർ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.