ജീവനക്കാര്‍ക്ക് 1.2 കോടിയുടെ കാറും ബൈക്കും; ദീപാവലി സമ്മാനം നൽകി ജ്വല്ലറി ഉടമ
ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് ചെന്നൈയിലെ ഒരു ജ്വല്ലറി ഉടമ ജീവനക്കാർക്ക് നൽകിയത് വമ്പൻ സർപ്രൈസ്. ജയന്തി ലാൽ ചയന്തിയാണ് തന്‍റെ സഹപ്രവർത്തകർക്കും ജീവനക്കാർക്കും 1.2 കോടി രൂപ വിലമതിക്കുന്ന കാറുകളും ബൈക്കുകളും സമ്മാനിച്ചത്. ഉടമയുടെ ഈ അപ്രതീക്ഷിത തീരുമാനത്തിൽ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഞെട്ടിയിരിക്കുകയാണ്. 'ഈ സമ്മാനം എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കാനാണ്. എന്‍റെ ബിസിനസിന്‍റെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസിൽ നിന്ന് ലാഭമുണ്ടാക്കാൻ അവർ എന്നെ സഹായിച്ചു. അവർ എന്‍റെ ജോലിക്കാർ മാത്രമല്ല, എന്‍റെ കുടുംബവും കൂടിയാണ്. ഇത്തരം സർപ്രൈസുകൾ നൽകിക്കൊണ്ട് അവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കണം. എല്ലാവർക്കും സമ്മാനം നൽകിയതിന് ശേഷം ഞാൻ വളരെ സന്തുഷ്ടനാണ്'. എല്ലാ ഉടമകളും അവരുടെ ജീവനക്കാരെയും സഹപ്രവർത്തകരെയും സമ്മാനങ്ങൾ നൽകി ആദരിക്കണമെന്നും ജയന്തി ലാൽ പറഞ്ഞു. 10 കാറുകളും 20 ബൈക്കുകളുമാണ് ജയന്തി ലാൽ ജീവനക്കാർക്ക് നൽകിയത്. ജീവനക്കാരോടുള്ള കടയുടമയുടെ സ്നേഹം സോഷ്യൽ മീഡിയയുടെ ശ്രദ്ധയും പിടിച്ചുപറ്റി.