12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ
കോഴിക്കോട്: പൂളക്കടവിൽ കുടുംബവഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കുന്നതിന് മുൻപാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂളക്കടവ് സ്വദേശി ആദിലും അമ്മ സാക്കിറയുമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയ പൊലീസ്, ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ആക്ട് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ആദിലും യുവതിയുമായി ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം അമ്മയ്ക്ക് കുഞ്ഞിനെ കാണാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞിനെ കാണിക്കാത്തതിന് ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ യുവതി ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് യുവതി ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം യുവതി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. ആദിൽ നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു. കുഞ്ഞിനെ അവിടേക്ക് കൊണ്ടുപോയതാകാമെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ അതിർത്തി കടക്കുന്നതിന് മുമ്പ് ഇവരെ കസ്റ്റഡിയിലെടുത്തത്.