120 സെക്കൻ്റിനുള്ളിൽ 120 എണ്ണവും വിറ്റുതീർന്നു; ചരിത്രം കുറിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ
റോയൽ എൻഫീൽഡ് ആനിവേഴ്സറി എഡിഷൻ 650 ട്വിൻസ് ഇന്ത്യയിൽ വിറ്റുതീർന്നത് 2 മിനിറ്റിനുള്ളിൽ.ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ 120 യൂണിറ്റുകളാണ് 120 സെക്കൻ്റിനുള്ളിൽ വിറ്റുതീർന്നത്. കമ്പനിയുടെ 120-ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായാണ് ആനിവേഴ്‌സറി എഡിഷൻ ബൈക്കുകൾ അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള റോയൽ എൻഫീൽഡ് പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് 650 ട്വിൻസിന് ലഭിച്ചത്.
ആഗോളതലത്തിൽ 480 സ്‌പെഷ്യൽ എഡിഷൻ ബൈക്കുകൾ മാത്രമേ വിൽപ്പനയ്‌ക്ക് വെച്ചിട്ടുള്ളൂ. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായി 120 യൂണിറ്റുകൾ വീതം മൊത്തം 480 എണ്ണം. ഏതാനും വർഷങ്ങളായി റോയൽ എൻഫീൽഡിന്റെ ആഗോള തലത്തിലുള്ള വിപുലീകരണത്തിലും വിജയത്തിലും 650 ട്വിൻസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ക്രോമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, സമ്പുഷ്ടമായ ബ്ലാക്ക്-ക്രോം ടാങ്ക് കളർ സ്കീം വികസിപ്പിച്ചെടുത്തത് ചെന്നൈ തിരുവൊട്ടിയൂരിൽ വെച്ചാണ്. ഓരോ യൂണിറ്റും കൂടുതൽ എക്സ്ക്ലൂസീവ് ആക്കുന്നതിന്, ടാങ്ക് ടോപ്പ് ബാഡ്ജിൽ ഓരോന്നിൻ്റെയും തനതായ സീരിയൽ നമ്പർ മുദ്രണം ചെയ്തിട്ടുണ്ട്. കോണ്ടിനെന്റൽ ജി ടി 650 എക്സ്-ഷോറൂം വില 2.98 ലക്ഷം രൂപയും ഇന്റർസെപ്റ്റർ 650 എക്സ്-ഷോറൂം വില 2.82 ലക്ഷം രൂപയുമാണ്.