രാജ്യം സന്ദർശിക്കുന്നവർക്ക് 13,000 രൂപ; ടൂറിസ്റ്റുകളെ ആകർഷിക്കാൻ തായ്‍വാൻ
തായ്‍വാൻ: വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കാൻ അങ്ങോട്ട് പണം നൽകാൻ ഒരുങ്ങി രാജ്യം. തായ്‍വാൻ ആണ് പണം നൽകാൻ തയ്യാറായിരിക്കുന്നത്. ഓരോ ടൂറിസ്റ്റിനും 13,000 രൂപ വീതം നൽകാനാണ് തായ്‌വാന്‍റെ തീരുമാനം. അഞ്ച് ലക്ഷം വിനോദ സഞ്ചാരികൾക്കാണ് ഈ തുക ലഭിക്കുക. ഡിസ്കൗണ്ട്, ലക്കിഡ്രോ, എയർലൈൻസ് എന്നിവയിലൂടെ വിനോദസഞ്ചാരികൾക്ക് ഈ തുക ലഭിക്കും. അതുപോലെ, വിവിധ പർച്ചേസുകളിലൂടെയും ഈ തുക ഈടാക്കാനാകും. ഒരു നിശ്ചിത എണ്ണം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് കൊണ്ടുവരുന്ന ട്രാവൽ ഏജൻസികൾക്കും തായ്‌വാൻ പണം വാഗ്ദാനം ചെയ്യുന്നുണ്ട്. തായ്‌വാന്‍റെ ജിഡിപിയുടെ 4 ശതമാനം ടൂറിസത്തിൽ നിന്നാണ്. പകർച്ചവ്യാധിക്ക് ശേഷം എങ്ങനെയെങ്കിലും കരകയറാനുള്ള ശ്രമത്തിലാണ് തായ്‌വാൻ ഇപ്പോൾ. മേഖലയെ കഴിയുന്നത്ര പുനരുജ്ജീവിപ്പിക്കാൻ രാജ്യം കഠിനമായി പരിശ്രമിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം രാജ്യത്തിന്‍റെ കയറ്റുമതിയിലുണ്ടായ ഇടിവ് നികത്താനും ഈ നടപടികൾ ലക്ഷ്യമിടുന്നു.