“ജുഡേഗാ ഭാരത് ജീത്തേഗാ ഇന്ത്യ” ; ഇന്ത്യാ മുന്നണിക്ക് 14 അംഗ ഏകോപന സമിതി

മുംബൈ: കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണിയോഗത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിനാലംഗ സമിതിയെ തെരഞ്ഞെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടൽ ഫോർമുല ഉടൻ പുറത്തുവരുമെന്ന് യോഗത്തിൽ തീരുമാനമായി.
ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലില്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങാനും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കോണ്‍ഗ്രസില്‍ നിന്ന് കെസി വേണുഗോപാല്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി നേതാവ് ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍, ആര്‍ജെഡിയില്‍നിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനര്‍ജി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ സമിതി അംഗങ്ങളാണ്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറന്‍, എഎപിയില്‍നിന്നുള്ള രാഘവ് ഛദ്ദ, സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് ജാവേദ് അലി ഖാന്‍, ജെഡിയുവിന്റെ ലല്ലന്‍ സിങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയില്‍നിന്ന് മെഹ്ബൂബ മുഫ്തി എന്നവരാണ് മറ്റ് അംഗങ്ങള്‍. സിപിഎം പ്രതിനിധി സമിതിയില്‍ ഇല്ല.
ലോക്‌സഭാ സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ച് ഏകോപന സമിതിയുടെ നേതൃത്വത്തിലാവും ചര്‍ച്ചകള്‍ നടത്തുക. സെപ്റ്റംബര്‍ 30ന് മുമ്പ് സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. മുന്നണിയുടെ ലോഗോയില്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റി രൂപീകരിക്കുന്നതായി കേന്ദ്രം ഇന്ന് പ്രഖ്യാപിച്ചു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കുന്ന സമിതിയുടെ റിപ്പോർട്ടും സമർപ്പിക്കും. അതേസമയം, ഒഫീഷ്യൽ ലോഗോ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് മാറ്റിവച്ചു. ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് പറയുന്നതനുസരിച്ച്, “ഓരോ പാർട്ടിക്കും അവരുടേതായ തിരഞ്ഞെടുപ്പ് ചിഹ്നം ഉള്ളപ്പോൾ ലോഗോയുടെ ആവശ്യകതയെക്കുറിച്ച് ചില നേതാക്കൾ എതിർപ്പ് ഉന്നയിച്ചിരുന്നു.