15-18 പ്രായത്തിലുള്ള കുട്ടികളുടെ വാക്സിനേഷൻ; രജിസ്ട്രേഷൻ ഇന്നുമുതൽ

കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞത്തിന് ഇന്ന് തുടക്കം. 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടും ഓൺലൈനായും രജിസ്ട്രേഷൻ നടത്താം. ജനുവരി 3 മുതലാണ് വാക്സിൻ നൽകിത്തുടങ്ങുന്നത്.

കോവിൻ പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ മാത്രമാണ് ഇന്ന് ആരംഭിക്കുന്നത്. വാക്സിൻ നൽകിത്തുടങ്ങുന്ന ജനുവരി 3 മുതലാണ് സ്പോട്ട് രജിസ്ട്രേഷന് തുടക്കം കുറിക്കുന്നത്. ആധാറിനും മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾക്കും പുറമെ സ്കൂളുകൾ നൽകുന്ന പത്താം ക്ലാസ് തിരിച്ചറിയൽ കാർഡും രജിസ്‌ട്രേഷനായി ഉപയോഗിക്കാം.

12 നും 18 നും ഇടയിൽ പ്രായമുള്ളവരിൽ അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മാത്രമാണ് കുട്ടികൾക്ക് നിലവിൽ ലഭ്യമായ വാക്സിൻ.

15-18 വയസ് പ്രായമുള്ള കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാനും എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക വാക്സിനേഷൻ ടീമും പ്രത്യേക ക്യൂവും സജ്ജമാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

Related Posts