മഹാരാഷ്ട്രയിൽ 15 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ 29 പ്രതികൾ, 24 പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ടുകൾ. മുംബൈയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഒമ്പത് മാസത്തിനിടെ, രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 29 പേർ ചേർന്നാണ് 15 വയസുള്ള പെൺകുട്ടിയെ പല തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഈ വർഷം ജനുവരിയിൽ കാമുകനാണ് പെൺകുട്ടിയെ ആദ്യമായി ബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചിരുന്നു. പിന്നീട് അതുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് കാമുകൻ്റെ സുഹൃത്തുക്കളായ മറ്റ് പ്രതികൾ കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.
"ജനുവരിയിൽ കാമുകൻ കുട്ടിയെ ബലാത്സംഗം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതാണ് പീഡന പരമ്പരയുടെ തുടക്കം. പിന്നീടയാൾ ആ വീഡിയോ കാണിച്ച് കുട്ടിയെ നിരന്തരമായി ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി. കാമുകൻ്റെ സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം നാലോ അഞ്ചോ തവണ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ട്. ഡോംബിവിലി, ബദ്‌ലാപൂർ, മുർബാദ്, റബാലെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വെച്ചാണ് പീഡനം നടന്നിരിക്കുന്നത്," കിഴക്കൻ മേഖലാ അഡീഷണൽ പൊലീസ് കമ്മീഷണർ ദത്താത്രേയ് കരാലെ പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് 24 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗം, ആവർത്തിച്ചുള്ള ബലാത്സംഗം, കൂട്ടബലാത്സംഗം, പതിനാറ് വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.