താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ 50 കാരൻ്റെ വൃക്കയിൽ നിന്ന് 156 കല്ലുകൾ നീക്കം ചെയ്തു

50 വയസ്സുകാരൻ്റെ വൃക്കയിൽനിന്ന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ 156 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. മേജർ സർജറിക്ക് പകരം ലാപറോസ്കോപ്പിയും എൻഡോസ്കോപ്പിയും മുഖേന രാജ്യത്ത് ഒരു രോഗിയുടെ വൃക്കയിൽനിന്ന് നീക്കം ചെയ്ത ഏറ്റവും കൂടിയ എണ്ണം കല്ലുകളാണ് ഇവയെന്ന് പ്രീതി യൂറോളജി ആൻഡ് കിഡ്നി ഹോസ്പിറ്റൽ അവകാശപ്പെട്ടു.

കർണാടകയിലെ ഹുബ്ലിയിലാണ് സംഭവം. സ്‌കൂൾ അധ്യാപകനായ രോഗിക്ക് അടിവയറിന് സമീപം പെട്ടന്നാണ് വേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. സ്‌കാനിങ്ങിൽ വൃക്കയിൽ കല്ലുകളുടെ വലിയ കൂട്ടം കണ്ടെത്തി.

എക്ടോപിക് കിഡ്‌നി എന്ന അപൂർവമായ അവസ്ഥ കൂടി രോഗിയിൽ ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മൂത്രനാളിയിലെ സാധാരണ സ്ഥാനത്തിന് പകരം അടിവയറിന് സമീപമാണ് രോഗിയിൽ വൃക്ക സ്ഥിതി ചെയ്തിരുന്നത്. അസാധാരണ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വൃക്കയിൽനിന്ന് ഇത്രയേറെ കല്ലുകൾ നീക്കം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു.

Related Posts