നീലേശ്വരത്ത് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്ത 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ
പിലിക്കോട്: നീലേശ്വരത്തെ സ്വകാര്യ കോളേജിലെ 1994-95 പ്രീഡിഗ്രി ബാച്ചിൽ പഠിച്ചവരുടെ കുടുംബസംഗമത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. 16 പേരാണ് ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയത്. കാലിക്കടവ് തൃക്കരിപ്പൂർ റോഡിലെ ഹോട്ടലിൽ ഞായറാഴ്ചയാണ് കുടുംബസംഗമം ചേർന്നത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ചവർക്ക് പിറ്റേന്ന് മുതൽ അസ്വസ്ഥത, പനി, ഛർദ്ദി, വയറുവേദന, വയറു സ്തംഭനം എന്നിവ അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെയാണ് പരാതിയുമായി ഇവർ പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടൽ ഉടമയെയും സമീപിച്ചത്. ഇതേതുടർന്ന് സെക്രട്ടറി കെ.രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ സി.വി.സുരേഷ് എന്നിവരടങ്ങിയ സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. ഹോട്ടലും പരിസരവും രണ്ട് ദിവസത്തേക്ക് അണുവിമുക്തമാക്കാനും അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. ഹോട്ടൽ പരിസരത്ത് ശുചിത്വക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് 5,000 രൂപ പിഴ ചുമത്തി. ഞായറാഴ്ച, ധാരാളം ആളുകൾ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയും പാഴ്സൽ കൊണ്ടുപോകുകയും ചെയ്തു. പരാതിയുമായി ആരും വന്നിട്ടില്ലെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.