17 വർഷത്തിന് ശേഷം ഒരേ ഫ്രെയ്മിൽ, കൊമ്പൻ മീശ വച്ച് വിക്രം സേതുരാമയ്യർക്കൊപ്പം; സന്തോഷം പങ്കുവെച്ച് ജഗതി
മലയാളികൾ ഏറെ നാളായി കാത്തിരുന്ന തിരിച്ചുവരവ്. വർഷങ്ങൾക്കു ശേഷം സിബിഐ 5 ദി ബ്രെയ്നിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ജഗതി. രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുന്ന ജഗതിയെയാണ് ചിത്രത്തിൽ കാണുന്നത്. വർഷങ്ങൾക്കിപ്പുറം സേതുരാമയ്യർക്കും ചാക്കോയ്ക്കുമൊപ്പമുള്ള വിക്രമിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിക്രം സ്റ്റൈലിലുള്ള കൊമ്പൻമീശ തന്നെയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. സംവിധായകൻ കെ മധുവാണ് സിബിഐ 5 ടീമിനൊപ്പമുള്ള ജഗതിയുടെ ചിത്രം പുറത്തുവിട്ടത്.
സെറ്റിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ജഗതിയും പങ്കുവച്ചു. വർഷങ്ങൾക്കിപ്പുറം എന്നാണ് ഫേയ്സ്ബുക്കിൽ താരം കുറിച്ചത്. ജഗതിക്കൊപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എൻ സ്വാമി, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്.
മലയാളത്തിലെ ഏറ്റവും സൂപ്പർഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നു. സിബിഐ 5 ദി ബ്രെയ്ൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.